ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ പതിവായി ഇറങ്ങുകയും ചെയ്യുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഒരുങ്ങുന്നു. കടുവയെ നിരീക്ഷിച്ച് പിടികൂടുന്നതിനായി തേയിലത്തോട്ടത്തിൽ വനംവകുപ്പ് പ്രത്യേക ഏറുമാടം നിർമ്മിച്ചു. രാത്രി സമയങ്ങളിൽ തോക്കുമായി കാവൽ നിന്നാണ് ദൗത്യം പൂർത്തിയാക്കുക. തോട്ടം മേഖലയായ ഗ്രാമ്പിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുനാളുകളായി വൻ നാശനഷ്ടമാണ് ഈ കടുവ വിതയ്ക്കുന്നത്. ഇതിനകം 11 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി വീണ്ടും പശുവിനെ ആക്രമിച്ചു കൊന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പ് അടിയന്തര നടപടികളിലേക്ക് കടന്നത്.
ശനിയാഴ്ച ഗ്രാമ്പി പഞ്ചായത്ത് മെമ്പർ മതിയഴകന്റെ പശുവിനെയാണ് കടുവ ഇരയാക്കിയത്. മുൻപും വന്യമൃഗങ്ങളുടെ ആക്രമണത്തെ അതിജീവിച്ചിട്ടുള്ള ഈ പശുവിനെ തേയിലക്കാട്ടിനുള്ളിൽ ഭാഗികമായി തിന്ന നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട പശുവിന്റെ അവശിഷ്ടങ്ങൾ തേടി കടുവ വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലിലാണ് ഇതിന് തൊട്ടടുത്തായി വനംവകുപ്പ് ഏറുമാടം നിർമ്മിച്ച് കാവൽ ഏർപ്പെടുത്തിയത്. ഡോ. സിദ്ധാർത്ഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ പ്രത്യേക ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
മൂന്നാറിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവയാണ് ഗ്രാമ്പി, അരണക്കൽ തുടങ്ങിയ ജനവാസ മേഖലകളിൽ സ്ഥിരമായി എത്തുന്നതെന്നാണ് നിഗമനം. മുമ്പ് വയനാട് സ്പെഷ്യൽ ടീമിനെയടക്കം രംഗത്തിറക്കി തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ കൊല്ലപ്പെട്ട പശുവിന്റെ അവശിഷ്ടങ്ങൾ തേടിയെത്തുന്ന സമയം കൃത്യമായി നിരീക്ഷിച്ച് മയക്കുവെടി വെച്ച് കടുവയെ കുടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും പ്രദേശവാസികളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates