A farmer engaged in making Marayur Jaggery at a unit in Kanthalloor Express
Idukki

മറയൂർ ശർക്കരയുടെ ഭാവി പ്രതിസന്ധിയിൽ; കരിമ്പ് പാടങ്ങൾ പകുതിയായി ചുരുങ്ങുന്നു

വന്യജീവി ശല്യവും തൊഴിലാളി ക്ഷാമവും ടൂറിസവും വില്ലനായി; പ്രതിസന്ധിയിലായി മറയൂരിലെയും കാന്തല്ലൂരിലെയും കർഷകർ

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വേറിട്ട രുചിയും ഗുണമേന്മയും കൊണ്ട് 2019-ൽ ഭൗമസൂചിക പദവി സ്വന്തമാക്കിയ കേരളത്തിന്റെ അഭിമാനമായ മറയൂർ ശർക്കരയുടെ ഭാവി പ്രതിസന്ധിയിലേക്ക്. മറയൂർ, കാന്തല്ലൂർ മേഖലകളിൽ കരിമ്പ് കൃഷി വൻതോതിൽ കുറയുന്നതാണ് പാരമ്പര്യ പൈതൃകമുള്ള ഈ ഉൽപ്പന്നത്തിന് തിരിച്ചടിയാകുന്നത്. കടുത്ത വന്യജീവി ശല്യം, തൊഴിലാളി ക്ഷാമം, ഭൂമിയുടെ ഉപയോഗത്തിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ എന്നിവയാണ് കരിമ്പ് പാടങ്ങൾ ഇല്ലാതാകാൻ കാരണം.

ഒരു കാലത്ത് ഏക്കറുകളോളം കരിമ്പ് പാടങ്ങളാൽ സമ്പന്നമായിരുന്ന ഈ ഇരട്ട ഗ്രാമങ്ങളിൽ ഇന്ന് ആ കാഴ്ചകൾ അതിവേഗം മാറുകയാണ്. മറയൂർ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിയതോടെ വലിയ തോതിൽ കൃഷിഭൂമികൾ റിസോർട്ടുകൾക്കും മറ്റ് വിനോദസഞ്ചാര ആവശ്യങ്ങൾക്കുമായി വകമാറ്റിത്തുടങ്ങി. കൂടാതെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായ മൂന്നാറിലെ തോട്ടം തൊഴിലാളികൾ അവിടെ ഭൂമി വാങ്ങാൻ കഴിയാത്തതിനെ തുടർന്ന് മറയൂർ മേഖലയിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി വീട് വെക്കുന്നതും കരിമ്പ് പാടങ്ങൾ ചുരുങ്ങാൻ കാരണമായിട്ടുണ്ട്.

കൃഷി പകുതിയായി കുറഞ്ഞു; നേരിടുന്നത് വൻ പ്രതിസന്ധി

മുൻപ് ഈ മേഖലയിൽ ഏതാണ്ട് 1000 ഹെക്ടറിലധികം സ്ഥലത്ത് കരിമ്പ് കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് വെറും 500 ഹെക്ടറായി ചുരുങ്ങിയിട്ടുണ്ടെന്ന് കാന്തല്ലൂരിലെ കർഷകനായ ശിവകുമാർ പറയുന്നു. വന്യജീവി ശല്യത്തിന് പുറമെ കൃഷിയിറക്കാൻ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും കടുത്ത വെല്ലുവിളിയാണ്.

Marayur jaggery getting ready

ഒരു വർഷത്തോളം നീണ്ട പരിചരണവും കാത്തിരിപ്പും ആവശ്യമായ വിളയാണ് കരിമ്പ്. വിളവെടുപ്പ് കാലം വരെ കാട്ടുപോത്ത്, കാട്ടാന, മ്ലാവ്, മയിൽ എന്നിവയിൽ നിന്ന് കൃഷിയെ സംരക്ഷിക്കുക എന്നത് കർഷകർക്ക് കനത്ത സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുമുണ്ടാക്കുന്നു. കൃഷി പൂർണ്ണമായും നഷ്ടത്തിലായതോടെ പല പരമ്പരാഗത കർഷകരും കരിമ്പ് കൃഷി ഉപേക്ഷിച്ചു. മുൻപ് കർഷകർ സ്വന്തമായി നടത്തിയിരുന്ന പരമ്പരാഗത ശർക്കര ഉത്പാദന യൂണിറ്റുകൾ (ആലകൾ) ഭൂരിഭാഗവും പൂട്ടിപ്പോയി. ഇപ്പോൾ വിളവെടുക്കുന്ന കരിമ്പ് കർഷകർ നേരിട്ട് വൻകിട നിർമ്മാണ കേന്ദ്രങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.

പദ്ധതികൾ കടലാസിലൊതുങ്ങി; വ്യാജന്മാരും ഭീഷണി

ഭൗമസൂചിക പദവിയുടെ ആനുകൂല്യം കർഷകർക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റും സിഎസ്ഐആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും , മറയൂർ അഗ്രികൾച്ചർ ഹിൽസ് ഡെവലപ്മെന്റ് സൊസൈറ്റിയും ചേർന്ന് കാന്തല്ലൂരിൽ ഒരു വികേന്ദ്രീകൃത സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഇതിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഈ യൂണിറ്റ് ഇതുവരെയും കമ്മീഷൻ ചെയ്തിട്ടില്ല. അതുപോലെ, ആദിവാസി കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തുടങ്ങിയ പ്രീമിയം ബ്രാൻഡായ 'മറയൂർ മധുരം' എന്ന പദ്ധതിയും വിപണിയിലെ വ്യാജ ശർക്കരകളുടെ കടന്നുകയറ്റം മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ശർക്കര ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മഹദ്സ് സെക്രട്ടറി ഇന്ദ്രജിത്ത് പറഞ്ഞു. മറയൂർ ശർക്കര ഉപയോഗിച്ചുള്ള കടലമിഠായികൾ ഉൾപ്പെടെയുള്ളവ വിപണിയിലിറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മറയൂർ ശർക്കരയ്ക്ക് വിപണിയിൽ കിലോഗ്രാമിന് 100 മുതൽ 120 രൂപ വരെ വിലയുള്ളതിനാൽ ഈ ഉൽപ്പന്നങ്ങൾക്കും വില കൂടുന്നു. വിപണിയിലെ മറ്റ് സമാനമായ മിഠായികളോട് മത്സരിക്കണമെങ്കിൽ ഉത്പാദനച്ചെലവ് ഇനിയും കുറയ്ക്കേണ്ടതുണ്ട്. കരിമ്പ് കൃഷിയെ സംരക്ഷിക്കാൻ ആവശ്യമായ സർക്കാർ ധനസഹായം നൽകുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മികച്ച വിപണി ഉറപ്പാക്കുക എന്നിവയിലൂടെ മാത്രമേ തലമുറകളായി കൈമാറിവന്ന മറയൂർ ശർക്കരയുടെ പൈതൃകവും കർഷകരുടെ ഉപജീവനമാർഗ്ഗവും നിലനിർത്താൻ സാധിക്കുകയുള്ളൂ.

Kerala's Marayur jaggery faces uncertain future as sugarcane fields shrink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത

40 വര്‍ഷത്തിന് ശേഷം മെക്‌സിക്കന്‍ അപാരത!, 'ഡോര്‍' അടഞ്ഞ് ഇക്വഡോര്‍, പ്രീ ക്വാര്‍ട്ടറില്‍

'അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം, കാത്തിരിക്കുകയാണ്'; 'കാളിയ'നെക്കുറിച്ച് പൃഥ്വിരാജ്

സാമ്പത്തിക നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പാസ്‌പോർട്ട്, ആധാർ, ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ ഇന്ന് മുതൽ മാറും