ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിൽ പുതിയ തന്ത്രവുമായി വനംവകുപ്പ്. മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം ബുധനാഴ്ചത്തെ ദൗത്യം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ദൗത്യരീതിയിൽ മാറ്റം വരുത്തിയത്.
നിലവിൽ ചെമ്പകതൊഴുകുടി ആദിവാസി സങ്കേതത്തിലെ ഏലത്തോട്ടത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡികെ വിനോദ് കുമാർ അറിയിച്ചു. തോട്ടത്തിനുള്ളിൽ കാഴ്ചപരിധി വളരെ കുറവായതിനാൽ മയക്കുവെടി വെക്കുന്നതിനുള്ള കൃത്യമായ ദിശ ലഭിക്കില്ല. അതിനാൽ ആന തുറസ്സായ സ്ഥലത്തേക്ക് നീങ്ങുന്നത് വരെ കാത്തിരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ആദ്യ ദിവസത്തെ ദൗത്യത്തിലുണ്ടായ പോരായ്മകൾ പരിഹരിച്ചാണ് രണ്ടാം ദിനം സംഘം കളത്തിലിറങ്ങിയിരിക്കുന്നത്. ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നാല് ദൗത്യസംഘങ്ങളെ രണ്ടായി ചുരുക്കിയിട്ടുണ്ട്. എത്രയും വേഗം ദൗത്യം പൂർത്തിയാക്കുക എന്നതിനേക്കാൾ, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് ഇത്തവണ മുൻഗണന നൽകുന്നതെന്ന് വിനോദ് കുമാർ വ്യക്തമാക്കി.
അതേസമയം, രണ്ട് സംഘങ്ങൾക്കും ആവശ്യമായ ഉപകരണങ്ങളുടെ എണ്ണം കുറച്ചിട്ടില്ല. ആദ്യ വെടി ലക്ഷ്യം തെറ്റിയാൽ ഉടൻ തന്നെ രണ്ടാമത്തെ ശ്രമം നടത്താൻ ഇത് സഹായകമാകും. ആനയെ വിരട്ടി ഓടിക്കാൻ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കുമെന്നും, ആന ജനവാസ മേഖലകളിലേക്ക് നീങ്ങുകയാണെങ്കിൽ മാത്രം ദിശ മാറ്റാനുള്ള നിയന്ത്രിത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി രാവിലെ വിശ്രമിക്കുന്ന ചക്കക്കൊമ്പൻ ഉച്ചയോടെയാണ് സഞ്ചാരം തുടങ്ങുന്നത്. ചെമ്പകത്തൊഴുകുടി, ഇടുക്കുഴി, 301 കോളനി എന്നീ മേഖലകളിലൂടെയാണ് ആന സഞ്ചരിക്കുന്നത്. ചിന്നക്കനാൽ മേഖലയിലുള്ള 17 കാട്ടാനകളുടെയും നീക്കങ്ങൾ വാച്ചർമാർ നിരീക്ഷിക്കുന്നുണ്ടെന്നും, വിവരങ്ങൾ പ്രദേശവാസികൾക്ക് കൈമാറുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ആദ്യ ഡോസ് മയക്കുവെടി ഏറ്റുകഴിഞ്ഞാൽ 10 മുതൽ 15 മിനിറ്റിനുള്ളിൽ വെറ്ററിനറി സംഘം ആനയുടെ പ്രതികരണം വിലയിരുത്തും. ശ്വാസഗതിയും മറ്റ് ശാരീരിക ലക്ഷണങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർ ഡോസുകൾ നൽകുക. ചക്ക തേടി വീടുകൾക്ക് സമീപമെത്തുന്ന പതിവുള്ളതിനാലാണ് ഈ കൊമ്പന് ചക്കക്കൊമ്പൻ എന്ന പേര് ലഭിച്ചത്. 301 കോളനിയിൽ ആനയുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അരിക്കൊമ്പനെ മാറ്റിയ അതേ മേഖലയിൽ നിന്ന് ചക്കക്കൊമ്പനെ നിരീക്ഷിക്കാനായി റേഡിയോ കോളർ ഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates