ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ ചക്കക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെ സിങ്കുകണ്ടത്തിന് സമീപം ഓമനക്കുടി ഭാഗത്തെ പുൽമേട്ടിൽ വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. നാല് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (ആർആർടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
അതിരാവിലെ തന്നെ ആനയിറങ്കൽ ഡാമിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയെ കണ്ടെത്തിയ സംഘം തുടർച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. കരമാർഗ്ഗം നീങ്ങിയ സംഘത്തിന് പുറമേ ആനയിറങ്കൽ ഡാമിന്റെ റിസർവോയറിൽ ബോട്ടിലൂടെയും നിരീക്ഷണ സംഘം ആനയെ പിന്തുടർന്നു. ഡ്രോൺ ഉപയോഗിച്ച് ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
സമീപമുള്ള തുരുത്തിൽ കിടന്ന ആന ഒരു മണിക്കൂറിന് ശേഷം പന്നിയാർ ഭാഗത്തേക്ക് നീങ്ങി. പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് സുരക്ഷിത ഇടത്തിലേക്ക് മാറ്റാനുള്ള ശ്രമം ഉദ്യോഗസ്ഥർ തുടർന്നു. പത്തുമണിയോടെ പന്നിയാർ ഭാഗത്തെത്തിയ ആന 11 മണിയോടെ വീണ്ടും ഡാമിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്ന സംഘം ആനയെ തുരത്തി. തുടർന്ന് ഉച്ചയ്ക്ക് ശേഷം സിങ്കുകണ്ടത്തിന് സമീപം ഓമനക്കുടിയിലെ പുൽമേട്ടിൽ എത്തിയതോടെയാണ് മയക്കുവെടി വെക്കാൻ അനുകൂല സാഹചര്യം ഒരുങ്ങിയത്.
റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്കുള്ള ആനയുടെ വരവ് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും വനംവകുപ്പിന് സാധിക്കും.
മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കിയത്. ഡോ. വിഷ്ണു ഓമനക്കുട്ടൻ (വയനാട്), അർജുൻ സി.പി. (മലയാറ്റൂർ), അനൂപ് മാത്യൂസ് (കോട്ടയം), അശ്വിൻ കെ.എസ്. (ഷോള നാഷണൽ പാർക്ക്) എന്നീ നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളുടെ ഏകോപനം..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates