തേനി: മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തമിഴ്‌നാട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ വിപുലമായ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കമ്പം എംഎൽഎ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തേനി ജില്ലയിലെ കമ്പം മുതൽ അതിർത്തിയായ കമ്പംമെട്ട് വരെയുള്ള 10 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് സുരക്ഷാ പരിശോധന നടത്തി.
ഹൈവേ, റവന്യൂ, വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പവും തമിഴ്നാട് പൊലീസിനൊപ്പവുമാണ് സംഘം പ്രധാന ഘട്ട് റോഡിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്തിയത്. തീർത്ഥാടന കാലത്ത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് തീർത്ഥാടക വാഹനങ്ങളാണ് കമ്പം-കമ്പംമെട്ട് മലയോര പാത വഴി ശബരിമലയിലേക്ക് കടന്നുപോകുന്നത്. തീർത്ഥാടന ദിനങ്ങൾ അടുത്തെത്തിയതോടെ റൂട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ വേഗത്തിലാക്കുമെന്ന് പരിശോധനയ്ക്ക് ശേഷം എംഎൽഎ വ്യക്തമാക്കി.
മലയോര പാതയിലെ കാഴ്ച മറയ്ക്കുന്ന വിധത്തിൽ റോഡരികിൽ വളർന്നുനിൽക്കുന്ന കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ എംഎൽഎ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കൊടുംവളവുകളുള്ള ഭാഗങ്ങളിൽ വേഗനിയന്ത്രണത്തിനും ദിശാസൂചനയ്ക്കുമായി പ്രത്യേക മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ദീർഘദൂര ഡ്രൈവർമാർക്ക് മലയോര പാതയിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക ട്രാഫിക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
തീർത്ഥാടന കാലത്ത് അതിർത്തി പ്രദേശങ്ങളിൽ കേരള-തമിഴ്‌നാട് സർക്കാരുകൾ പരസ്പര ധാരണയോടെ സംയുക്തമായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജഗന്നാഥ് മിശ്ര എംഎൽഎ അറിയിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങൾ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിൽ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Ahead of the annual Sabarimala pilgrimage season, the Tamil Nadu government has initiated proactive measures to ensure the safety and seamless transit of Ayyappa devotees travelling through border routes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates