ഇടുക്കി: ഉപയോഗിച്ച ശേഷം സാധാരണയായി നമ്മൾ എറിഞ്ഞുകളയുന്ന പേപ്പർ കപ്പുകളെ നെഞ്ചോട് ചേർത്ത് പിടിച്ച്, അതിലൂടെ ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പേപ്പർ കപ്പുകൾ ശേഖരിച്ച് തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡും പീരുമേട്ടിലെ ഈ 57-കാരനായ സാമൂഹിക പ്രവർത്തകൻ സ്വന്തമാക്കി.
31 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച 858 വ്യത്യസ്തമായ പേപ്പർ കപ്പുകളാണ് സുനിലിനെ ഈ ആഗോള നേട്ടത്തിന് അർഹനാക്കിയത്. 2025 ഡിസംബർ 1-നാണ് ഗിന്നസ് അധികൃതർ ഈ റെക്കോർഡ് ഔദ്യോഗികമായി അംഗീകരിച്ചത്. നിലവിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണിത്. കേവലം 5 മില്ലിലിറ്റർ വലിപ്പമുള്ള ചെറിയ കപ്പുകൾ മുതൽ 500 മില്ലിലിറ്റർ വരെയുള്ള വലിയ കണ്ടെയ്നറുകൾ വരെ സുനിലിന്റെ ഈ അപൂർവ്വ ശേഖരത്തിലുണ്ട്. വിലയില്ലെന്നു കരുതി മറ്റുള്ളവർതള്ളിക്കളയുന്ന സാധാരണ വസ്തുക്കളിൽ മൂല്യം കണ്ടെത്താനുള്ള സുനിലിന്റെ കഠിനാധ്വാനമാണ് ഈ നേട്ടത്തിന് പിന്നിൽ.
തുടക്കം അഞ്ചാം ക്ലാസ്സിൽ; രണ്ട് പതിറ്റാണ്ടിലെ റെക്കോർഡ് ചരിത്രം
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്റ്റാമ്പുകൾ, നാണയങ്ങൾ, തീപ്പെട്ടിപ്പടങ്ങൾ എന്നിവ ശേഖരിച്ചുകൊണ്ടാണ് സുനിൽ തന്റെ ഹോബിക്ക് തുടക്കമിട്ടത്. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ ടെലിഫോൺ കാർഡുകൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, എയർലൈൻ ബോർഡിംഗ് പാസുകൾ, ടീ ബാഗുകൾ, പോസ്റ്റ് കാർഡുകൾ, കോഫി മഗ്ഗുകൾ, ബ്ലേഡ് കവറുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം വസ്തുക്കൾ ഈ ശേഖരത്തിലേക്ക് ചേർത്തുവെക്കപ്പെട്ടു.
പേപ്പർ കപ്പുകളുടെ റെക്കോർഡിന് മുൻപ് തന്നെ സുനിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 2013-ൽ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോൺ കാർഡ് ശേഖരത്തിനായിരുന്നു സുനിലിന് ആദ്യ ഗിന്നസ് റെക്കോർഡ് ലഭിച്ചത്. തന്റെ സഹോദരന്റെ വാലറ്റിൽ നിന്ന് ലഭിച്ച ഒരൊറ്റ ഫോൺ കാർഡിൽ നിന്ന് തുടങ്ങിയ ആ കമ്പമാണ് പിന്നീട് നൂറിലധികം രാജ്യങ്ങളുടെ ഫോൺ കാർഡുകളുടെ വമ്പൻ ശേഖരമായി മാറിയത്.
കൂട്ടായ്മയുടെ വിജയം; അടുത്ത ലക്ഷ്യം വിവാഹ ക്ഷണക്കത്തുകൾ
വിദേശത്തു താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ് പേപ്പർ കപ്പുകൾ ശേഖരിക്കുന്നതിൽ സുനിലിനെ വലിയ രീതിയിൽ സഹായിച്ചത്. തങ്ങളുടെ യാത്രകൾക്കിടയിൽ കാണുന്ന വ്യത്യസ്തമായ കപ്പുകൾ അവർ സ്ഥിരമായി സുനിലിന് അയച്ചുകൊടുക്കുമായിരുന്നു.
ഈ വളർച്ച ഒരിക്കലും എന്റെ മാത്രം ഒറ്റയ്ക്കുള്ള ശ്രമമല്ല, വിദേശങ്ങളിലുള്ള എന്റെ കൂട്ടുകാരും ബന്ധുക്കളും ഇതിനായി നിരന്തരം വസ്തുക്കൾ കണ്ടെത്തി തന്നിട്ടുണ്ട്സുനിൽ
ഈ അപൂർവ്വ നേട്ടത്തിന് പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സുനിലിന്റെ ഈ വേറിട്ട യാത്രയെക്കുറിച്ച് പ്രത്യേക ഫീച്ചറും പ്രസിദ്ധീകരിച്ചിരുന്നു. പീരുമേട്ടിലെ തന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഷെൽഫുകളിലാണ് സുനിൽ ഈ ലോകവിശേഷങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലും കോളജുകളിലും ഇവ പ്രദർശിപ്പിച്ച് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകാനും സുനിൽ സമയം കണ്ടെത്തുന്നുണ്ട്. രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടും സുനിലിന്റെ യാത്ര അവസാനിക്കുന്നില്ല. തന്റെ കൈവശമുള്ള വിവാഹ ക്ഷണക്കത്തുകളുടെ വിപുലമായ ശേഖരത്തിന് മൂന്നാമതൊരു ഗിന്നസ് റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ പീരുമേട്ടുകാരൻ ഇപ്പോൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates