കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ നിർമ്മിച്ചു വിതരണം നടത്തിവന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സാഹസികമായി വലയിലാക്കി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ (30) എന്നിവരെയാണ് ഡൽഹി ബുരാരിയിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് കണ്ണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള വൻ ലഹരി മാഫിയയുടെ വേരറുത്തുകൊണ്ട് സിനിമയെ വെല്ലുന്ന അന്വേഷണമാണ് കണ്ണൂർ സിറ്റി പൊലീസ് വിജയകരമായി പൂർത്തിയാക്കിയത്.
ന്യൂമാഹിയിൽ വെച്ച് വെറും 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്ന പ്രാദേശിക വിൽപ്പനക്കാരൻ പിടിയിലായതാണ് നിർണ്ണായകമായ ഈ അന്തർസംസ്ഥാന വേട്ടയ്ക്ക് വഴിതുറന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ മുഹമ്മദ് സമീൽ എന്നയാളാണ് ലഹരിമരുന്ന് എത്തിച്ചു നൽകിയതെന്ന് വ്യക്തമായി. തുടർന്ന് സമീലിന്റെ വീട്ടിലും വാഹനത്തിലും പൊലീസ് നടത്തിയ റെയ്ഡിൽ 185 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സമീലിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് 'തബു' എന്ന പേരിൽ അറിയപ്പെടുന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ ലഹരി ഒളിപ്പിച്ചുവെച്ച് വാങ്ങുന്നവർക്ക് ലൊക്കേഷൻ മാത്രം അയച്ചുനൽകുന്ന അതീവ രഹസ്യമായ ഹൈടെക് രീതിയാണ് തബു അനുവർത്തിച്ചിരുന്നത്. തുടർന്ന് ബംഗളൂരുവിൽ വെച്ച് ഇയാളെയും പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ നിന്ന് കൊറിയർ, പാർസൽ സർവീസുകൾ വഴിയാണ് ലഹരി കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് തബുവിൽ നിന്ന് വിവരം ലഭിച്ചു. കേരള പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ തബുവിന്റെ കൂട്ടാളിയായ അർഷാദ് അലിയെ 800 ഗ്രാം എംഡിഎംഎയുമായി ഹരിയാന പൊലീസ് ഗുരുഗ്രാമിൽ വെച്ച് പിടികൂടി. പിന്നാലെ ലഹരി ഇടപാടുകൾക്കായി വ്യാജ തിരിച്ചറിയൽ രേഖകൾ, സിം കാർഡുകൾ, ബാങ്ക് മ്യൂൽ അക്കൗണ്ടുകൾ എന്നിവ നിർമ്മിച്ച് നൽകിയിരുന്ന അബ്ദുൾ റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരെയും പൊലീസ് കുരുക്കി.
തുടർന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും മൊബൈൽ സിഗ്നലുകളും പിന്തുടർന്നാണ് എംഡിഎംഎ നിർമ്മിച്ചു നൽകിയിരുന്ന വിദേശ വനിതകളിലേക്ക് അന്വേഷണ സംഘം എത്തിയത്. നിരന്തരം സിം കാർഡുകൾ മാറ്റിയും ഇരുപതിലധികം വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തിവന്നിരുന്നത്. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പത്ത് ദിവസത്തോളം ഡൽഹിയിൽ തമ്പടിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ബുരാരിയിലെ നിർമ്മാണ കേന്ദ്രം വളഞ്ഞ് പ്രതികളെ കൈയോടെ പിടികൂടിയത്.
കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസ്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപൻ ഐപിഎസിന്റെ നേതൃത്വത്തിലാണ് ഡാൻസാഫ് സ്ക്വാഡും തലശ്ശേരി പൊലീസും അടങ്ങുന്ന സംഘം ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ലഹരി ശൃംഖലകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates