DYFI leader Shijil 
Kannur

ഡിവൈഎഫ്ഐ നേതാവിന്റെ മരണം: കണ്ണൂർ ഗവ മെഡിക്കൽ കോളജിനെതിരെ ചികിത്സാപിഴവ് ആരോപണം ശക്തം

'ബോധം നഷ്ടമായ ശേഷമാണ് ഐ.സി.യുവിലേക്ക് മാറ്റിയത്'; ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ഡിവൈഎഫ്ഐ എടക്കാട് മേഖലാ കമ്മിറ്റി അംഗവും ചാല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എടക്കാട് കുറ്റിക്കകത്തെ ഷിജിൽ (31) മരണമടഞ്ഞ സംഭവത്തിൽ ഗുരുതരമായ ചികിത്സാപിഴവുണ്ടായെന്ന ആരോപണം ശക്തമാകുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ. എടക്കാട് ബ്ലോക്ക്, മേഖലാ കമ്മിറ്റികൾ രംഗത്തെത്തി.

കുറ്റകരമായ അനാസ്ഥ കാണിച്ച പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരാതി നൽകി.

'ബോധം നഷ്ടമായ ശേഷമാണ് ഐ.സി.യുവിലേക്ക് മാറ്റിയത്'

18 ദിവസം ആശുപത്രിയിൽ കിടന്ന ഷിജിലിന് തുടർച്ചയായി പനിയും ഛർദ്ദിയും ഉണ്ടാവുകയും രക്തത്തിൽ വ്യതിയാനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുപോലും കൺസൾട്ടിങ് ഡോക്ടറായ ന്യൂറോ സർജനെ യഥാസമയം വിവരമറിയിച്ചില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. രോഗാവസ്ഥ വഷളാകുമ്പോഴും ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ ഐ.സി.യുവിലേക്ക് മാറ്റാനോ വാർഡ് ചുമതലയുള്ള ഡോക്ടർ തയ്യാറായില്ല. വെറും വേദനാസംഹാരികൾ മാത്രമാണ് നൽകിക്കൊണ്ടിരുന്നത്.

നവംബർ 24-ന് ഷിജിലിന് ബോധം പൂർണ്ണമായി നഷ്ടമായതിന് ശേഷം മാത്രമാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്ന് സഹോദരൻ ആരോപിച്ചു. തുടർന്ന് സ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയസ്തംഭനം കാരണമാണ് മരണം സംഭവിച്ചതെന്ന് പിന്നീട് അറിയിച്ചെങ്കിലും, ഡിസ്ചാർജ് സമ്മറിയിൽ മരണകാരണം വ്യക്തമല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്ന് നൽകിയ ഗുളികകൾ രോഗാവസ്ഥ കൂടുതൽ വഷളാക്കാൻ കാരണമായോ എന്ന് പരിശോധിക്കണമെന്നും, ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് അനാസ്ഥ മൂലം നഷ്ടമായതെന്നും ഷിഗിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

ചികിത്സാപിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിന്ന് ആശുപത്രി

അതേസമയം, ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ. നവംബർ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഐ സ്‌പെഷ്യലിസ്റ്റും ന്യൂറോളജിസ്റ്റും ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരിച്ചു.

കണ്ണിലെ ഞരമ്പിൽ നീർക്കെട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ഷിജിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒപ്റ്റിക് ന്യൂറൈറ്റിസ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രോഗം സ്ഥിരീകരിക്കാനായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചു. അവിടെ നടത്തിയ മൊഗാഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് ഡോക്ടർമാർ ആറ് ഇഞ്ചക്ഷനുകൾ നിർദ്ദേശിച്ചു. ഇതിൽ അഞ്ച് ഇഞ്ചക്ഷൻ നൽകിയിട്ടും രോഗാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാൽ പ്ലാസ്മ എക്സ്ചേഞ്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പനി ബാധിച്ച് ആരോഗ്യനില പെട്ടെന്ന് വഷളായാണ് ഷിജിൽ മരണമടഞ്ഞതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Allegations of severe medical negligence have intensified following the death of 31-year-old DYFI leader Shijil at Kannur Government Medical College in Pariyaram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മണിക്കൂറിൽ പെയ്തത് 9 സെന്റീമീറ്റർ മഴ; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി|VIDEO

ഒറ്റയടിക്ക് വലിയ തുക എടുക്കാനില്ലേ?, ആര്‍ഡിയില്‍ നിക്ഷേപിക്കൂ; മാസം 6000 രൂപ ഇട്ടാല്‍ എത്ര കിട്ടും?

'വേദാന്തിന്റെ ഓഫ് സ്പിൻ' ... 7 വിക്കറ്റുകൾ വീഴ്ത്തി സെവാഗിന്റെ രണ്ടാമത്തെ മകന്‍!

പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ചിക്കനും ബീഫും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു

ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്; മൂന്ന് മാസത്തിനിടെ ശേഖരിച്ചത് 102.85 ടൺ ഇ-മാലിന്യം