കണ്ണൂർ: മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ ജന്മനാടായ കണ്ണൂർ ജില്ലയിലെ ഉദയഗിരിയിൽ എത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന് ഉദയഗിരി ഗ്രാമപഞ്ചായത്തും പ്രത്യാശ യു.പി സ്കൂളും സംയുക്തമായി ആവേശോജ്ജ്വല പൗരസ്വീകരണം നൽകി. ഉദയഗിരി സെന്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ താൻ പത്താം ക്ലാസ് പഠനം വരെ ജീവിച്ച താബോർ എന്ന മലയോര ഗ്രാമത്തിലെ പഴയകാല ഓർമ്മകൾ മന്ത്രി പങ്കുവെച്ചു. 5, 6, 7 ക്ലാസുകളിൽ പഠിച്ച പ്രത്യാശ സ്കൂളിലേക്ക് കല്ലും മണ്ണും നിറഞ്ഞ കാട്ടുപാതകളിലൂടെ നടന്നുപോയ അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ മലയോര കർഷക കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്ന എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെന്നും, ഈ പ്രയാസങ്ങളിൽ നിന്നെല്ലാം കരകയറാനുള്ള ഒരേയൊരു മാർഗ്ഗം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവ് നൽകിയത് മാതാപിതാക്കളും അന്നത്തെ അധ്യാപകരുമാണെന്ന് മന്ത്രി പറഞ്ഞു.
നാലാം ക്ലാസ് വരെ താബോർ സ്കൂളിലും തുടർന്ന് തിരുമേനി ഹൈസ്കൂളിലുമായിരുന്നു റോജിയുടെ വിദ്യാലയ പഠനം. പ്രീഡിഗ്രി കാലഘട്ടത്തോടെയാണ് എറണാകുളത്തേക്ക് മാറിയത്. ചടങ്ങിൽ തന്നെയേറെ സ്വാധീനിക്കുകയും പഠിപ്പിക്കുകയും ചെയ്ത പഴയകാല അധ്യാപകരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പൗരസ്വീകരണ സമ്മേളനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
തലശ്ശേരി എജുക്കേഷനൽ സൊസൈറ്റി കോർപറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരിയിൽ മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാദർ സേവ്യർ പുത്തൻപുരക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഉപഹാരം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, ഉദയഗിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോജി വർഗ്ഗീസ് വട്ടോളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീൻ തെക്കേൽ, സരിത ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ബാബു പറപ്പള്ളിൽ, പൗരസമിതി കൺവീനർ തോമസ് വെക്കത്താനം, സ്കൂൾ പ്രധാനാധ്യാപിക സാലി കെ., താബോർ സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ ജോർജ് ചിലമ്പികുന്നേൽ, ഇ.എം. നാസർ, ജോയിച്ചൻ പള്ളിയാലിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates