Kannur Central Jail Gaya Sculpture Garden 
Kannur

ഇരുമ്പഴികൾക്കുള്ളിലെ വിരസത മായ്ച്ച് സർഗ്ഗാത്മകതയുടെ വിസ്മയം: കണ്ണൂർ സെൻട്രൽ ജയിൽ കവാടത്തിൽ 'ഗയ' ശിൽപോദ്യാനം

ഉപയോഗിച്ചത് ജയിൽ വളപ്പിലെ പാഴ്വസ്തുക്കളും ഇരുമ്പുകമ്പികളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: നാലു ചുവരുകൾക്കുള്ളിലെ ഇരുമ്പഴികളുടെ വിരസതയെ സർഗ്ഗാത്മകതയുടെ മനോഹര വർണ്ണങ്ങൾ കൊണ്ട് മായ്ച്ച് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ. ആരുടെയും കണ്ണിനും മനസ്സിനും കുളിർമയേകുന്ന അത്യപൂർവ്വ ശിൽപോദ്യാനവും ആർട്ട് ഗാലറിയുമാണ് കണ്ണൂർ സെൻട്രൽ ജയിൽ കവാടത്തിന് മുന്നിൽ അന്തേവാസികൾ സ്വന്തം കൈകളാൽ ഒരുക്കിയിരിക്കുന്നത്. വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും മനംകവരുന്ന ഈ ഹരിത വിസ്മയത്തിന് ‘ഗയ’ എന്നാണ് പേരിട്ടിരിക്കുന്നത്.

ജയിൽ അധികൃതരുടെ വേറിട്ട ചിന്തയ്ക്ക് തടവുകാർ തങ്ങളുടെ വിരൽത്തുമ്പിലെ കലാവിരുതുകൊണ്ട് പൂർണ്ണത നൽകിയപ്പോഴാണ് ജയിൽ മുറ്റത്ത് ഈ കാഴ്ച പിറവിയെടുത്തത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട റഷീദ് എന്ന തടവുകാരന്റെ ഒരു വർഷത്തെ കഠിനാധ്വാനവും കരവിരുതുമാണ് ഗയ എന്ന ശിൽപോദ്യാനത്തിന് പിന്നിലെ പ്രധാന ചാലകശക്തി. തടവുകാരിൽ ഉന്മേഷവും ക്രിയാത്മക ഊർജ്ജവും നിറച്ച് അവരുടെ മാനസിക പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ജയിൽ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'ഹരിതസ്‌പർശം' ആണ് ഈ ആശയം രൂപപ്പെടുത്തിയത്.

നാല് ഘട്ടങ്ങളിലായി സെൻട്രൽ ജയിലിന്റെ കവാടം മുഴുവൻ സൗന്ദര്യവൽക്കരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേവലമൊരു ഉദ്യാനം എന്നതിലുപരി പരിസ്ഥിതി സൗഹൃദമായ മാലിന്യ പുനരുപയോഗത്തിന്റെ വലിയൊരു മാതൃക കൂടിയാണ് 'ഗയ'. ജയിൽ വളപ്പിൽ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പാഴ്‌മരങ്ങൾ, ഇരുമ്പ് കമ്പികൾ, നിർമ്മാണാവശിഷ്ടങ്ങൾ എന്നിവയാണ് മനോഹരമായ ശിൽപങ്ങളാക്കി അന്തേവാസികൾ കൊത്തിയെടുത്തത്. ഇതിനാവശ്യമായ സാമഗ്രികൾ ജയിൽ സൊസൈറ്റിയും ലയൺസ് ക്ലബ്ബും ചിറക്കൽ സർവ്വീസ് സഹകരണ ബാങ്കുമാണ് നൽകിയത്. പൂന്തോട്ടം, കൃത്രിമ വെള്ളച്ചാട്ടം, കിളിക്കൂടുകൾ, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

ജയിൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തേവാസികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവരുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് ചുമതലകൾ ഏൽപ്പിക്കുകയുമായിരുന്നു. ജയിൽ കവാടം പൂർണ്ണമായും പൂക്കൾ കൊണ്ട് മനോഹരമാക്കുന്നതിനൊപ്പം ചരിത്രപ്രാധാന്യമുള്ള ഒരു മ്യൂസിയം നിർമ്മിക്കാനും തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ. വേണു അറിയിച്ചു. അടുത്തിടെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരവും അപൂർവ്വയിനം സസ്യങ്ങളുടെ സംരക്ഷണത്തിനുള്ള പച്ചത്തുരുത്ത് പുരസ്‌കാരവും കണ്ണൂർ സെൻട്രൽ ജയിലിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരുടെ സർഗ്ഗശേഷി വിളിച്ചോതുന്ന 'ഗയ'യും നാടിന് മാതൃകയാകുന്നത്.

In a remarkable testament to creative rehabilitation behind prison walls, inmates of the Kannur Central Jail have transformed the entrance courtyard of the correctional facility into a scenic sculpture park and open art gallery christened 'Gaya'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ലൈംഗികാതിക്രമം'; കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!

ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന്

രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്‌ലർ പുറത്ത്

റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്