കണ്ണൂർ: കണ്ണൂർ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരം കാണുന്നതിനും അനധികൃത പാർക്കിംഗ് പൂർണ്ണമായി ഇല്ലാതാക്കുന്നതിനുമായി കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ. മേയർ പി. ഇന്ദിരയുടെ അധ്യക്ഷതയിൽ മേയറുടെ ചേമ്പറിലാണ് യോഗം ചേർന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ച് റോഡിൽ വൈകുന്നേരം നാല് മണിക്ക് ശേഷം വൺവെ (ഏകദിശാ സർവീസ്) ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ സമയങ്ങളിൽ വരുന്ന വാഹനങ്ങൾ മണൽ ഭാഗത്തുകൂടി വഴിതിരിച്ചുവിടും. ട്രാഫിക് പരിഷ്‌കാരങ്ങളുടെ ഭാഗമായി കണ്ണൂർ സിറ്റിയിൽ മുൻ കൗൺസിലർ ഒ.കെ. മുഹമ്മദ് കുഞ്ഞി ബസ് ഷെൽട്ടർ, സിറ്റി ഹൈസ്‌കൂളിന് മുൻവശത്തെ ടാക്സി സ്റ്റാൻഡിലേക്ക് മാറ്റും. ബസ് ഷെൽട്ടർ നിന്നിരുന്ന സ്ഥലം ഓട്ടോ സ്റ്റാൻഡാക്കി മാറ്റാൻ വാർഡ് കമ്മിറ്റി എടുത്ത തീരുമാനം പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചത്തേക്ക് നടപ്പിലാക്കും.
താണ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ സിഗ്നൽ തകരാറിലാകുന്നത് ഒഴിവാക്കാൻ അടിയന്തിരമായി പവർ ബാക്കപ്പ് സംവിധാനം ഏർപ്പെടുത്താനും സിഗ്നൽ സ്ഥാപിച്ച ഏജൻസിക്ക് നിർദ്ദേശം നൽകും. അഴിക്കൽ റൂട്ടിൽ പടന്നപ്പാലത്ത് സിനിമാ ഷോ കഴിയുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിയേറ്ററിൽ നിന്നും വരുന്ന വാഹനങ്ങൾ പയ്യാമ്പലം വഴി വൺവെയാക്കി തിരിച്ചുവിടാൻ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തളിപ്പറമ്പ്, പഴയങ്ങാടി, പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ സ്റ്റേഡിയം കോർണർ പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് തിരിച്ചുവിടാൻ ആർ.ടി.ഒ.യെ ചുമതലപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം ആനയിടുക്ക് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രിഷാം താണയുടെയും ട്രാഫിക് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. റെയിൽവേ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പ് മാറ്റിയ നിലവിലെ സ്ഥിതി തൽക്കാലം തുടരും.
നഗരസഭാ പരിധി ബ്യൂട്ടിഫിക്കേഷനും 24 മണിക്കൂർ ട്രാഫിക് നിരീക്ഷണത്തിനുമായി ഗ്രോത്ത് വേ മീഡിയ സമർപ്പിച്ച പ്രൊപ്പോസൽ ചർച്ച ചെയ്യാൻ ദേശീയപാത അതോറിറ്റി (NHAI) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. ദേശീയപാതയിലെ ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാനും സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാനും റോഡുകൾ റീടാർ ചെയ്യാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ. പ്രിൻസിപ്പൽ ഡയറക്ടറെ പങ്കെടിപ്പിച്ച് ചർച്ച നടത്തും. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്കൂൾ അധികൃതരുടെ യോഗം വിളിക്കും. യോഗ തീരുമാനങ്ങൾ കേരള പോലീസ് ആക്ട് പ്രകാരം ഏഴു ദിവസത്തിനകം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവായി പുറത്തിറക്കാൻ അസിസ്റ്റന്റ് കമ്മീഷണറെ (ACP) ചുമതലപ്പെടുത്തി. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ്, എ.സി.പി. കെ. വിനോദ് കുമാർ, ജോയിന്റ് ആർ.ടി.ഒ. ജിഷ്ണു ബി, ടൗൺ എസ്.ഐ. തുളസി കെ.കെ, സിറ്റി എസ്.ഐ. പ്രമോദ് പി.കെ, ഡെപ്യൂട്ടി തഹസിൽദാർ പ്രിജോഷ് തുടങ്ങിയവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates