കണ്ണൂർ: വടക്കൻ കേരളത്തിൽ ഭൂമിക്കടിയിലെ തന്ത്രപ്രധാനമായ ധാതുനിക്ഷേപ സാധ്യതകൾ കണ്ടെത്താനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ എയ്റോ ജിയോ ഫിസിക്കൽ സർവേ ആരംഭിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടക അതിർത്തി പ്രദേശങ്ങളിലുമാണ് സമഗ്രമായ പരിശോധന നടക്കുന്നത്. തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിശോധനയുടെ ഭാഗമായി വിമാനങ്ങൾ സാധാരണയിൽ കവിഞ്ഞ് വളരെ താഴ്ന്ന് പറക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (മുൻകൂർ അനുമതിയോടെ നടക്കുന്ന ഔദ്യോഗികവും സുരക്ഷിതവുമായ സർവേയാണെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
സർവേ പ്രവർത്തനങ്ങൾക്കായി രണ്ട് ചെറുവിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഭൂനിരപ്പിൽ നിന്ന് 80 മുതൽ 120 മീറ്റർ മാത്രം ഉയരത്തിൽ പറന്നാണ് ഈ വിമാനങ്ങളിലെ അത്യാധുനിക സെൻസറുകൾ ഉപയോഗിച്ച് ഭൂമിക്കടിയിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ആകാശമാർഗ്ഗമുള്ള ഈ വിവരശേഖരണത്തിന് ശേഷം വിദഗ്ദ്ധർ നേരിട്ടെത്തി വിശദമായ ഭൂതല പരിശോധനകളും പ്രദേശങ്ങളിൽ നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates