കണ്ണൂർ: പയ്യന്നൂരിൽ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി ശ്രുതി (24) യുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൽ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു ശ്രുതി. കൗൺസിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് പുറത്തിറങ്ങിയ യുവതി ആരോടും പറയാതെ സ്വന്തം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മാവൻ എം. ശ്രീധരൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രിയോടെ ചിറ്റാരികൊവ്വൽ റോട്ടറി ക്ലബ്ബ് റോഡിൽ തണൽ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിനടുത്തുനിന്ന് യുവതിയുടെ ചെരിപ്പും ലഭിച്ചതോടെയാണ് പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന സംശയമുയർന്നത്. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പെരുമ്പ ചിറ്റാരി കൊവ്വൽ ഭാഗത്ത് തിരച്ചിൽ നടത്തി. തുടർന്ന് ഇന്ന് രാവിലെ 11.15 ഓടെ തണൽ ഇക്കോ പാർക്കിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates