കണ്ണൂർ: ചെറുപുഴ മീന്തുളളി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടയാളെ സ്വന്തം ജീവൻ നൽകി രക്ഷിച്ച ശേഷം ഒഴുക്കിൽപ്പെട്ട് മരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ സർക്കാർ പ്രതിരോധത്തിൽ. സംഭവം വിവാദമായതോടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ കളക്ടർ പി. വിഷ്ണു രാജ് അറിയിച്ചു. സംഭവത്തിൽ റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ കണ്ണൂർ എഡിഎമ്മിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ എന്നിവരെ കളക്ടർ ചേംബറിൽ വിളിച്ചുവരുത്തി വിശദീകരണം തേടി.
ചൊവ്വാഴ്ച രാത്രി 8:30-നാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തിരുവനന്തപുരം വരെ ദീർഘദൂര യാത്ര ഉള്ളതിനാലും രണ്ട് ദിവസത്തെ പഴക്കമുള്ളതിനാൽ മൃതദേഹം അഴുകിത്തുടങ്ങിയതിനാലും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഈ ആവശ്യം നിരസിക്കുകയും സാധാരണ ആംബുലൻസിൽ മൃതദേഹം കയറ്റി അയക്കുകയുമായിരുന്നു. യാത്രയ്ക്കിടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ചാവക്കാട് വെച്ച് മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റിയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
ചെറുപുഴ മീന്തുളളി വാട്ടർ ഫോൾസിൽ മലവെള്ളപ്പാച്ചിലിൽ തുരുത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. സ്വയം രക്ഷയ്ക്കായി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിയെ ധരിപ്പിച്ച് സുരക്ഷിതനാക്കിയ ശേഷം നീന്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. മൃതദേഹത്തോട് അനാദരവ് കാണിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates