കണ്ണൂര്‍: റാസല്‍ഖൈമയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട 13 പേരില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത് നിവാസില്‍ സങ്കീര്‍ത്ത സുരേഷ് (26), മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി 'ഹേമന്തത്തില്‍' ഹേമന്ത് പുതിയകാവില്‍ (29) എന്നിവരാണ് മരിച്ചത്. മട്ടന്നൂരിലെ വിമുക്ത ഭടന്‍ കെ വി മോഹനന്റെയും റിട്ട അധ്യാപിക പി കെ സുമംഗലയുടെയും മകനാണ് മരിച്ച ഹേമന്ത്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. മഹിമ സോണി (ഗുജറാത്ത്), വിനോദ്കുമാര്‍ (ആന്ധ്ര പ്രദേശ്) എന്നിവരും മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു സങ്കീർത്ത. പിതാവ്: സുരേഷ് ബാബു, മാതാവ്: വിമല. ഗൾഫിൽ എഞ്ചിനീയറായ സമൃദ്ധ് സുരേഷ് സഹോദരനാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ: 80046342
ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അല്‍ മനായിലാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സി വഴി വീസ മാറ്റുന്നതിന് ഒമാനില്‍ പോയി മടങ്ങി വരുന്ന ബസ്സിന് പിറകില്‍ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് ഡൗണായി തകരാര്‍ പരിഹരിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയിട്ടിരിയ്ക്കുകയായിരുന്നു ബസ്. 41 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ഒരാളും ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരാളും ഉള്‍പ്പടെ 13 പേര്‍ മരിച്ചതായാണ് ഷാര്‍ജ പോലീസ് പുറത്തു വിട്ട കണക്ക്.
മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പടെ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്നാണ് അറിയുന്നത്. എന്നാല്‍ മരിച്ചവരുടെ ഔദ്യോഗിക പട്ടിക യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 14 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates