Thiruvonam Bumper Winner Fake AI Poster 
Kannur

സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്

ഫോൺ കോളുകൾ കാരണം പൊറുതിമുട്ടിയെന്ന് എഐ പോസ്റ്ററുകളിൽ കുടുങ്ങിയവർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: റെക്കോർഡ് തുകയായ 30 കോടി രൂപയുടെ തിരുവോണം ബംപർ ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായി മണിക്കൂറുകൾ പിന്നിട്ടിട്ടും കോടീശ്വരനായ ആ മഹാഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും ആ ഭാഗ്യശാലി ആരാണെന്ന കൗതുകത്തിലാണ് കേരളം മുഴുവൻ. തളിപ്പറമ്പിലെ ചില്ലറ വിൽപനക്കാരൻ വിറ്റ TL 360615 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ ടിക്കറ്റ് വിറ്റ ഏജൻസികൾ പലവഴിക്ക് അന്വേഷിച്ചിട്ടും യഥാർത്ഥ ഉടമയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ, ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് തലപൊക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ചിലർ തമാശയ്ക്കായി നിർമ്മിച്ച കൃത്രിമ എഐ പോസ്റ്ററുകളാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ ചിത്രങ്ങൾ വെച്ചാണ് ഇവർക്ക് ലോട്ടറിയടിച്ചെന്ന തരത്തിൽ പോസ്റ്ററുകൾ പടച്ചുവിട്ടത്. എന്നാൽ തങ്ങൾ തിരുവോണം ബംപർ ടിക്കറ്റ് എടുത്തിട്ട് പോലുമില്ലെന്നാണ് ഇരുവരും പറയുന്നത്. പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചതോടെ അഭിനന്ദനങ്ങളുമായി രാപ്പകലില്ലാതെ ഫോൺ കോളുകൾ വരികയാണെന്നും സുഹൃത്തുക്കൾ തമാശയ്ക്ക് ഒപ്പിച്ച പണിയാണിതെന്നും ഇരുവരും വ്യക്തമാക്കുന്നു.

തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ സ്റ്റാൾ നടത്തുന്ന ചില്ലറ വിൽപനക്കാരനായ സുജിത്തിന്റെ പക്കൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയത്. എന്നാൽ ടിക്കറ്റ് ആർക്കാണ് നൽകിയതെന്ന് സുജിത്തിനും വ്യക്തതയില്ല. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് സുജിത്ത് ടിക്കറ്റുകൾ എടുത്തത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി വഴിയാണ് ഈ ടിക്കറ്റ് തളിപ്പറമ്പിലേക്ക് എത്തിയത്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായില്ലെങ്കിലും, ഇതിന് തൊട്ടടുത്ത നമ്പറുകളായ 360614, 360617 എന്നീ ടിക്കറ്റുകൾ എടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ്.

മുപ്പതു കോടിയിൽനിന്ന് നികുതിയും ഏജൻസി കമ്മീഷനും കഴിഞ്ഞ് 18 കോടിയോളം രൂപയാണ് ഭാഗ്യവാന് ലഭിക്കുക. ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾക്ക് പ്രവൃത്തിദിനമായിരുന്നിട്ടും സമ്മാനാർഹമായ ടിക്കറ്റുമായി ആരും തളിപ്പറമ്പിലെ ബാങ്കുകളിൽ എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ബാങ്ക് പണിമുടക്ക് ഉള്ളതിനാൽ കൂടുതൽ കാലതാമസം ഉണ്ടായേക്കാം. ഇത്രയും ഭീമമായ തുക സമ്മാനമായി ലഭിച്ച വ്യക്തി സുരക്ഷാ കാരണങ്ങളാലും അനാവശ്യ ശ്രദ്ധ ഒഴിവാക്കാനുമാണ് മുന്നോട്ടുവരാത്തതെന്നാണ് കരുതുന്നത്. തുടർച്ചയായി ഒന്നാം സമ്മാനങ്ങൾ കണ്ണൂരിലേക്ക് എത്തുന്നതോടെ പാലക്കാടിനൊപ്പം ഭാഗ്യാന്വേഷികളുടെ പ്രധാന തട്ടകമായി കണ്ണൂരും മാറിയിരിക്കുകയാണ്.

Hours after the declaration of the Kerala State Lottery Thiruvonam Bumper results, the mystery surrounding the winner of the historic Rs 30-crore first prize remains unresolved in Taliparamba, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി; അഭയ് സിങ് ഫൈനലിൽ വീണു

'അമ്മച്ചി ലുക്ക് ആയല്ലോ'; അതിരുവിട്ട ബോഡി ഷെയ്മിങ്; മേക്കോവറിലൂടെ മറുപടി നല്‍കി ഗൗരി കൃഷ്ണന്‍

'വിജയ്‌യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

വിത്ത് പാകി 50 ദിവസത്തില്‍ വിളവെടുക്കാം; ബീന്‍സ് എളുപ്പത്തില്‍ വളര്‍ത്താം

‘പതിനാറ് ശ്രാദ്ധങ്ങൾ’, പൂർവ്വിക സ്മരണയുടെ പുണ്യകാലം; പിതൃപക്ഷം ഒക്ടോബർ 10 വരെ, ശുഭകാര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്തു കൊണ്ട്?