കണ്ണൂർ: ചെണ്ടമേളങ്ങളുടെ താളവിസ്മയവും ചിലമ്പൊലിയുടെ നാദവും നിറയുന്ന ഭക്തിസാന്ദ്രമായ മറ്റൊരു തെയ്യക്കാലത്തിന് ഉത്തരമലബാറിൽ തുടക്കമായി. തുലാം പത്ത് പിറന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ചെറുതും വലുതുമായ ആയിരക്കണക്കിന് കാവുകളിലും തറവാട് ക്ഷേത്രങ്ങളിലും ദേവസ്ഥാനങ്ങളിലും ഇനി ദൈവക്കരുക്കൾ ഉറഞ്ഞാടും. .
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഉൾപ്പെടെയുള്ള ഉത്തര മലബാറിലെ പ്രമുഖ കാവുകളിലാണ് ആദ്യ കളിയാട്ടങ്ങൾ അരങ്ങേറുന്നത്. അടുത്ത വർഷം ഇടവപ്പാതി പെയ്യുന്ന മെയ് അവസാനത്തിലോ ജൂൺ ആദ്യവാരത്തിലോ വളപട്ടണം കളരിവാതിൽക്കൽ ഭഗവതി ക്ഷേത്രത്തിലെയും മാടായിക്കാവിലെയും കളിയാട്ടങ്ങളോടെ മാത്രമേ ഈ വർഷത്തെ തെയ്യക്കാലത്തിന് തിരശ്ശീല വീഴുകയുള്ളൂ
കണ്ണൂരിലെ തെയ്യക്കാലത്തിന് ഔപചാരിക തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ശ്രീ ചാത്തമ്പള്ളിക്കാവിലാണ്. പാരമ്പര്യ ആചാരപ്പെരുമയോടെ ഇവിടെ വിഷണ്ഠൻ തെയ്യം, തായ് പരദേവത, ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തി. കൊടുംചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വൻ ഭക്തജനക്കൂട്ടമാണ് തെയ്യക്കോലങ്ങൾ ദർശിക്കാനും അനുഗ്രഹം തേടാനുമായി കൊളച്ചേരിയിലേക്ക് ഒഴുകിയെത്തിയത്. ഇനിയുള്ള ഏഴ് മാസക്കാലം പൂരക്കളി പാട്ടുകളും തോറ്റംപാട്ടുകളും മന്ത്രധ്വനികളും കൊണ്ട് ഉത്തരകേരളത്തിലെ ഓരോ ഗ്രാമങ്ങളും ഭക്തിസാന്ദ്രമാകും.
ഇക്കുറി പ്രമുഖ ക്ഷേത്രങ്ങളിൽ വിപുലമായ പെരുങ്കളിയാട്ടങ്ങളും നടക്കുന്നുണ്ട്. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടങ്ങൾക്കായി പതിനായിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുക. എരമം കുറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പയ്യന്നൂർ എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഈ വർഷം പെരുങ്കളിയാട്ടം അരങ്ങേറുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അതത് ക്ഷേത്രസമിതികളുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
അരയിൽ ആളിക്കത്തുന്ന പന്തങ്ങളുമായി ഉറഞ്ഞുതുള്ളുന്ന ഉഗ്രമൂർത്തിയായ ഘണ്ടാകർണ്ണൻ, കനിവിന്റെ വരദായിനിയായ മുച്ചിലോട്ട് ഭഗവതി, കനലിൽ ആറാടുന്ന തീച്ചാമുണ്ഡി, മന്ത്രമൂർത്തി, പുതിയ ഭഗവതി, തമ്പുരാട്ടി തുടങ്ങി നൂറുകണക്കിന് തെയ്യക്കോലങ്ങളാണ് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഇനി കാവുകളിൽ അവതരിക്കുക. തലമുറകളായി കാത്തുസൂക്ഷിക്കുന്ന അനുഷ്ഠാനപ്പെരുമയുടെ പവിത്രതയിൽ പ്രാർത്ഥനകളോടെ രാപ്പകലുകൾ കാവുകളിൽ ചിലവഴിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാടും വിശ്വാസികളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates