Bekal Fort Railway Station 
Kasargod

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ

ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ ബേക്കൽ കോട്ടയോട് ചേർന്നുനിൽക്കുന്ന ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ അവഗണനയിൽ. ചരിത്രപ്രസിദ്ധമായ നാട്ടിൽ 116 വർഷത്തെ പഴക്കമുള്ള ഈ റെയിൽവേ സ്റ്റേഷനിൽ ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പുകളോ യാത്രക്കാർക്കുള്ള പ്രാഥമിക സൗകര്യങ്ങളോ ഇല്ല. വിദേശികളടക്കം പ്രതിദിനം രണ്ടായിരത്തോളം വിനോദസഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ടയുടെ തൊട്ടടുത്തുള്ള സ്റ്റേഷനാണ് അധികൃതരുടെ ഈ അവഗണന നേരിടുന്നത്. ഇതിനുപുറമെ വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമടക്കം നൂറുകണക്കിന് സ്ഥിരയാത്രക്കാരും നിത്യേന ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

മറ്റു റെയിൽവേ സ്റ്റേഷനുകൾ വികസനത്തിന്റെ പാതയിലാകുമ്പോഴും ബേക്കൽ ഫോർട്ട് കാലങ്ങളായി പിന്നോട്ടുതന്നെയാണ്. വളരെ ചുരുക്കം ചില ലോക്കൽ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ്, മതിയായ പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ, യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ, പ്ലാറ്റ്‌ഫോമുകൾക്ക് മേൽക്കൂര, അധിക റെയിൽവേ ട്രാക്ക് സൗകര്യം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ഈ സ്റ്റേഷന് ആവശ്യമാണ്. മംഗലാപുരം ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമിന് മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത്. മറുഭാഗത്ത് ടിക്കറ്റ് കൗണ്ടറിനോട് ചേർന്നുള്ള ചെറിയൊരു ഭാഗത്ത് മാത്രമാണ് മേൽക്കൂരയുള്ളത്.

നിലവിൽ മംഗളൂരു ഭാഗത്തേക്ക് നാലും കണ്ണൂർ ഭാഗത്തേക്ക് അഞ്ചും ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കണ്ണൂർ ഭാഗത്തേക്ക് രാവിലെ 6.20-നുള്ള മംഗളൂരു–കണ്ണൂർ ലോക്കൽ, 10-നുള്ള കോയമ്പത്തൂർ എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ വൈകിട്ട് 6.30-നുള്ള ലോക്കലും രാത്രി 7.45-നുള്ള മലബാർ എക്സ്പ്രസുമാണ് സർവീസ് നടത്തുന്നത്. തെക്കുഭാഗത്തേക്ക് രാവിലെ 6.35-നുള്ള പാസഞ്ചർ, 8.30-നുള്ള മലബാർ, 9.00-ന്റെ ലോക്കൽ, 10.00-നുള്ള തിരുവനന്തപുരം എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ വൈകിട്ട് 5.00-നുള്ള കോയമ്പത്തൂർ എക്സ്പ്രസ് മാത്രമാണുള്ളത്. 116 വർഷങ്ങൾക്ക് മുൻപ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച കാലത്ത് ഗുഡ്സ് ട്രെയിനുകൾ നിർത്തിയിടാൻ പ്രത്യേക ട്രാക്കും ചരക്കുകൾ കയറ്റിറക്കാൻ പ്രത്യേക ഷെഡും ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു. കോവിഡ് കാലത്ത് ഇവിടുത്തെ റിസർവേഷൻ സൗകര്യം നിർത്തലാക്കാൻ റെയിൽവേ നീക്കം നടത്തിയെങ്കിലും ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് അത് നിലനിർത്താനായത്.

അടുത്തകാലത്ത് റെയിൽവേ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും റെയിൽവേ ഭൂമിയുടെ മതിലിനോട് ചേർന്ന് റസ്റ്റോറന്റ് നടത്തുന്ന ഒരു സ്വകാര്യ വ്യക്തി റെയിൽവേ കെട്ടിടത്തിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി നിർമ്മാണം തടസ്സപ്പെടുത്തിയിരിക്കുകയാണ്. തന്റെ കെട്ടിടത്തിന്റെ കാഴ്ച മറയുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇയാൾ സ്റ്റേ സമ്പാദിച്ചത്. ഇതിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ഉന്നത അധികൃതരെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ സ്റ്റേഷന്റെ വികസനത്തിനായി പ്രക്ഷോഭം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ആക്ഷൻ കമ്മിറ്റി.

Despite its 116-year-old heritage and proximity to the world-renowned tourist destination Bekal Fort, the Bekal Fort Railway Station continues to face severe administrative neglect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ