കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം വാർഷിക സെമിനാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ വിദ്യാർഥികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെയാണ് ബേക്കൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതിഷേധം തുടർന്നാൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുമെന്നും അതിനായി സർവകലാശാലാ അധികൃതർ പൊലീസിന് അനുമതി നൽകിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ വിദ്യാർഥികളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് നടപടികളിലേക്ക് കടന്നത്. സെമിനാർ തടസ്സപ്പെടുത്താൻ എത്തിയ വിദ്യാർഥികളെ നീക്കം ചെയ്യാൻ പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ആദ്യദിനത്തിൽ, ആർഎസ്എസ് നേതാവും പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനറുമായ ജെ. നന്ദകുമാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെയായിരുന്നു ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വ്യാപക പ്രതിഷേധം. കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ് നന്ദകുമാറിനെ വേദിയിൽ എത്തിച്ചത്. കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates