തിലക് വര്‍മയുടെ സെഞ്ച്വറി പാഴായി; പാകിസ്ഥാന്‍ എക്കെതിരെ 48 റണ്‍സിന് തോറ്റ് ഇന്ത്യ

314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി
ind vs pak
Pakistan A Beat India A by 48 Runs Despite Tilak Varma's CenturyPhoto | X/ @BCCI
Updated on: 
2 min read

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ ഇന്ത്യ എയെ 48 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ എ. ക്യാപ്റ്റന്‍ തിലക് വര്‍മ സെഞ്ചറി നേടിയിട്ടും ഇന്ത്യയ്ക്ക് വിജയത്തിലെത്താനായില്ല. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.2 ഓവറില്‍ 313 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി തിലക് വര്‍മ 149 പന്തില്‍ 100 റണ്‍സ് നേടി. 149 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിങ്‌സ്.

തോല്‍വിയോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ വിജയം അനിവാര്യമായി. ചൊവ്വാഴ്ച യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. അതേസമയം, തുടര്‍ വിജയങ്ങളുമായി മുന്നേറുന്ന പാകിസ്ഥാന്‍ സെമി ഫൈനല്‍ പ്രവേശനത്തിന് അരികിലെത്തി.

തിലക് ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയമെടുത്തപ്പോള്‍ മറുവശത്ത് അഭിഷേക് ശര്‍മ ആക്രമണോത്സുക ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നോട്ടുനയിച്ചു. 31 പന്തില്‍ അഭിഷേക് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. മുഹമ്മദ് ഇംറാന്റെ ഒരോവറില്‍ 24 റണ്‍സും താരം അടിച്ചെടുത്തു. 42 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 70 റണ്‍സെടുത്ത അഭിഷേകിനെ ഹസന്‍ നവാസ് പുറത്താക്കി. 93 റണ്‍സിലെത്തിയപ്പോഴായിരുന്നു ഇന്ത്യയ്ക്ക് നിര്‍ണായകമായ ഈ വിക്കറ്റ് നഷ്ടമായത്.

അഭിഷേക് പുറത്തായതോടെ ഇന്ത്യയുടെ മധ്യനിര തകര്‍ന്നു. കുമാര്‍ കുശാഗ്ര രണ്ട് റണ്‍സിനും റിങ്കു സിങ് ആറ് റണ്‍സിനും സൂര്യാംശ് ഷെഡ്‌ഗെ മൂന്ന് റണ്‍സിനും പുറത്തായി. വൈഭവ് സൂര്യവംശി 13 പന്തില്‍ 11 റണ്‍സെടുത്തപ്പോള്‍ ആയുഷ് ബദോനിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ ഇന്ത്യ 129 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായി. തുടര്‍ന്ന് തിലക് വര്‍മയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 49 പന്തില്‍ 56 റണ്‍സെടുത്ത ഷഹബാസ് അഹമ്മദായിരുന്നു കൂടുതല്‍ ആക്രമണോത്സുകമായി ബാറ്റ് ചെയ്തത്. 41 പന്തില്‍ താരം അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി.

എന്നാല്‍ അലി റാസ ഷഹബാസിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിച്ചു. പിന്നാലെ വിപ്രജ് നിഗം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍ഷിത് റാണയ്ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഒടുവില്‍ അഹമ്മദ് ദനിയാലിന്റെ പന്തില്‍ റൊഹൈല്‍ നസീറിന് ക്യാച്ച് നല്‍കി തിലകും മടങ്ങി. 148 പന്തില്‍ സെഞ്ച്വറി തികച്ച തിലക് തൊട്ടടുത്ത പന്തിലാണ് പുറത്തായത്. 67.11 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. തിലകിന്റെ സെഞ്ചറി പാഴായതോടെ ഇന്ത്യ 48 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

മൂന്ന് അര്‍ധസെഞ്ച്വറികളുമായി പാകിസ്ഥാന്‍

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ മികച്ച സ്‌കോറാണ് നേടിയത്. ഓപ്പണര്‍മാരായ മാസ് സദാഖത്തും ഷമൈല്‍ ഹുസൈനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ആറ് ഓവറില്‍ തന്നെ പാകിസ്ഥാന്‍ 64 റണ്‍സിലെത്തി. 23 പന്തില്‍ 33 റണ്‍സെടുത്ത ഷമൈല്‍ ഹുസൈനെ ആയുഷ് ബദോനി പുറത്താക്കി. പിന്നാലെ റൊഹൈല്‍ നസീറിനെ ഹര്‍ഷിത് റാണയും മടക്കി. ഇതോടെ 67 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായ പാകിസ്ഥാനെ സദാഖത്തും ഹസന്‍ നവാസും ചേര്‍ന്നാണ് കരകയറ്റിയത്.

63 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 59 റണ്‍സെടുത്ത സദാഖത്ത് പുറത്തായെങ്കിലും ഹസന്‍ നവാസ് മികച്ച ബാറ്റിങ് തുടര്‍ന്നു. 82 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 79 റണ്‍സാണ് താരം നേടിയത്. പിന്നീട് ഫര്‍ഹാന്‍ യൂസഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങും പാകിസ്ഥാന് കരുത്തായി. 48 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 56 റണ്‍സെടുത്ത ഫര്‍ഹാന്‍ പാകിസ്ഥാന്റെ സ്‌കോര്‍ 300 കടത്തി. മുഹമ്മദ് ഇംറാന്‍ റന്‍ധാവ 14 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ അബ്ദുല്‍ സമദ് 35 പന്തില്‍ 28 റണ്‍സും നേടി.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, സൂര്യന്‍ഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 10 ഓവറില്‍ 77 റണ്‍സ് വഴങ്ങിയ ഹര്‍ഷിത് റാണയ്ക്ക് പാക് ബാറ്റര്‍മാരെ പിടിച്ചുകെട്ടാനായില്ല.

ind vs pak
33 ഓവറിൽ '201 റണ്‍സ്'! 'നാണക്കേട്' റെക്കോര്‍ഡില്‍ ജേക്കബ് ഡഫിയും
ind vs pak
ശ്രീശാന്ത് 2006ല്‍... സഹീര്‍ഖാന്‍ 2007ല്‍... ബുംറ 2026ല്‍!
ind vs pak
ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം
Summary

Tilak Varma's Century Goes in Vain as Pakistan A Beat India A by 48 Runs in Rising Stars Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER