കാസർകോട്: ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ (പി.സി.കെ) കൈവശമുള്ള 274.69 ഏക്കർ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് വിശദമായ റിപ്പോർട്ട് കൈമാറിയത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നൽകിയ പ്രത്യേക നിർദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ച് പത്ത് ദിവസത്തിനകമാണ് കളക്ടർ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവയും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന വലിയൊരു ഉന്നത സ്ഥാപനത്തിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്ന ഭൂമിയാണ് പെരിയയിലേതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അനുയോജ്യമായ ഭൂപ്രദേശത്ത് കുറഞ്ഞത് 200 ഏക്കർ ഭൂമി, മികച്ച റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് കേന്ദ്രം പ്രധാന മാനദണ്ഡങ്ങളായി നിഷ്കർഷിച്ചിട്ടുള്ളത്.
പെരിയയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ നിബന്ധനകളെല്ലാം പാലിക്കുന്നതിനൊപ്പം ആവശ്യത്തിന് അധിക ഭൂമിയുടെ ലഭ്യതയും മികച്ച യാത്രാസൗകര്യങ്ങളും ഉറപ്പുനൽകുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. പെരിയയിലെ സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ ബ്ലോക്കുകൾ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് സർക്കാർ തലത്തിലുള്ള തുടർനടപടികൾക്കായി സമഗ്രമായ ഈ പ്രൊപ്പോസൽ സമർപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates