

തിരുവനന്തപുരം: ടെന്‍ഡറില്ലാതെ വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റാടിവൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഒക്ടോബറില്‍ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോള്‍ വില യൂണിറ്റിന് 12.55 രൂപയായെന്ന് കെഎസ്ഇബി പറയുന്നത്.
പ്രസരണ നിരക്കില്‍ മാത്രം കെഎസ്ഇബിക്കു നഷ്ടം 92 ലക്ഷം രൂപ. ട്രേഡിങ് മാര്‍ജിന്‍ ഉള്‍പ്പെടെയാണോ 11 രൂപ വില നിശ്ചയിച്ചത് എന്ന ചോദ്യത്തിന് വ്യക്തതയില്ലെന്നാണ് റെഗുലേറ്ററി കമ്മിഷന് നല്‍കിയ വിശദീകരണത്തില്‍ കെഎസ്ഇബിയുടെ മറുപടി.
വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസന്‍സുണ്ടെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ആ നിലയിലാണോ കരാര്‍ എന്ന ചോദ്യത്തിനും മറുപടിയില്ല. 12 വ്യത്യസ്ത കമ്പനികളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുമെന്നാണ് കരാറില്‍ പറയുന്നതെങ്കിലും ഇവ വിഇഎച്ച് ഗ്ലോബലിനു കീഴിലുള്ളവയാണോയെന്നു വ്യക്തമല്ല. കഴിഞ്ഞദിവസമാണ് റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി വിശദീകരണം നല്‍കിയത്. പൊതുതെളിവെടുപ്പ് കഴിഞ്ഞിട്ടായിരിക്കും കരാറിന് അനുമതി നല്‍കുന്ന കാര്യം കമ്മിഷന്‍ തീരുമാനിക്കുക.
കെഎസ്ഇബിയിലെ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ വിവാദമായ സാഹചര്യത്തില്‍ എം.ജി.രാജമാണിക്യം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന കാലത്തെ കരാറുകള്‍ പുതിയ സിഎംഡി എന്‍.പ്രശാന്ത് പുനഃപരിശോധിച്ച് തുടങ്ങി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കരാറുകളും വൈദ്യുതി വാങ്ങലിനായി നടത്തിയ ടെന്‍ഡറുകളും പരിശോധിക്കും. ക്രമവിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കൃത്രിമ വൈദ്യുതി ക്ഷാമമെന്ന് തെറ്റിദ്ധരിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates