കാസർകോട്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ആർഎസ്എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗതെത്തിയത്. എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്., എ.ഐ.എസ്.എഫ്. എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ ഉപരോധ സമരം. ഇന്നും നാളെയുമാണ് സെമിനാർ.
സംഘപരിവാർ അനുകൂല സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്തുമായും കേന്ദ്ര സാഹിത്യ അക്കാദമിയുമായും ചേർന്നാണ് സർവകലാശാല വന്ദേമാതരം വാർഷിക സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയുടെ ബ്രോഷർ പുറത്തുവന്നതുമുതൽ തന്നെ ക്യാമ്പസിൽ വിദ്യാർഥികൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. കാവിവൽക്കരണ അജണ്ടയുമായി ആർഎസ്എസ് നേതാക്കളെ ക്യാമ്പസിനകത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാർഥികൾ 'ആർ.എസ്.എസ്. ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ മുഴക്കി പ്രധാന കവാടം ഉപരോധിച്ചു.
തുടർന്ന് സെമിനാർ നടക്കുന്ന സെൻട്രൽ ലൈബ്രറി ഹാളിന്റെ വാതിലുകൾക്ക് മുന്നിലും വിദ്യാർഥികൾ കുത്തിയിരുന്ന് സമരം തുടർന്നു. ഹാളിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഐഡി കാർഡുകൾ പരിശോധിച്ച ശേഷവും തങ്ങളെ പൊലീസ് തടഞ്ഞുവെച്ചതായും, അതേസമയം എ.ബി.വി.പി. പ്രവർത്തകരെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates