Air India Crash_Mangalore TNIE
Kasargod

മംഗലാപുരം വിമാനദുരന്തത്തിന് 16 ആണ്ട്; അർഹമായ നഷ്ടപരിഹാരത്തിനായി ഇരകളുടെ കുടുംബങ്ങൾ ഇന്നും നിയമക്കുരുക്കിൽ

മൊൺട്രിയൽ കൺവെൻഷൻ മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ തുക കുറയ്ക്കാൻ ശ്രമിച്ചതായി ആക്ഷേപം. കുടുംബത്തിന് സുപ്രീം കോടതി 7.64 കോടി രൂപ അനുവദിച്ചതിന് പിന്നാലെ കൂടുതൽ പേർ നിയമനടപടികളിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: പ്രവാസികളായ നിരവധി മലയാളികളുടെ ജീവൻ കവർന്ന മംഗലാപുരം വിമാനദുരന്തം നടന്ന് 16 വർഷങ്ങൾ പിന്നിടുമ്പോഴും അർഹമായ നഷ്ടപരിഹാര തുകയ്ക്കായി മരിച്ചവരുടെ ആശ്രിതർ ഇന്നും നീണ്ട നിയമപോരാട്ടത്തിലാണ്. 2010 മേയ് 22-ന് പുലർച്ചെ ആറരയോടെ ദുബായിൽ നിന്നും 166 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റൺവേയിലെ നിശ്ചിത സ്ഥലത്തു നിന്നും 600 മീറ്ററോളം മുന്നോട്ട് മാറിയാണ് വിമാനം നിലംതൊട്ടത്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

റൺവേയിൽ നിന്നും നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങിയ വിമാനം മണൽത്തിട്ടയിൽ ഇടിച്ചും ചിറകുകൾ കോൺക്രീറ്റ് തൂണിലിടിച്ചും തകരുകയായിരുന്നു. നിമിഷങ്ങൾക്കകം തീപിടിച്ച വിമാനം വലിയ താഴ്ചയിലേക്ക് കത്തിയമരുകയും 152 യാത്രക്കാരും ആറ് ജീവനക്കാരുമുൾപ്പെടെ 158 പേർ അഗ്നിക്കിരയാകുകയും ചെയ്തു. അപകടത്തിൽ നിന്നും എട്ടുപേർ മാത്രമാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവാസികളായ മലയാളികളായിരുന്നു. ഓരോ കുടുംബത്തിന്റെയും ഒരേയൊരു പ്രതീക്ഷയും താങ്ങുമായിരുന്നവരാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.

Air India crash, Mangalore 2010

ദുരന്തം നടന്ന് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നഷ്ടപരിഹാരം സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലുമായി ഇപ്പോഴും തുടരുകയാണ്. അന്താരാഷ്ട്ര വ്യോമയാന നിയമമായ 'മൊൺട്രിയൽ കൺവെൻഷൻ' അനുസരിച്ച് വിമാനാപകടങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെ തന്നെ കുറഞ്ഞത് ഒരു നിശ്ചിത ഉയർന്ന തുക നൽകാൻ എയർലൈൻ കമ്പനികൾ ബാധ്യസ്ഥരാണ്. എന്നാൽ എയർ ഇന്ത്യ അധികൃതർ ഇരകളുടെ പ്രായവും അന്നത്തെ വരുമാനവും മാത്രം കണക്കാക്കി വളരെ കുറഞ്ഞ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതാണ് വലിയ തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും കാരണമായത്.

മംഗളൂരു ദുരന്തത്തിൽ ഇരയായവർക്ക് ലഭിച്ച നഷ്ടപരിഹാര തുകകളിൽ വലിയ അസമത്വമുണ്ടായിരുന്നുവെന്ന് ആശ്രിതർ പറയുന്നു. ചില സാധാരണ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വരെ മാത്രം ലഭിച്ചപ്പോൾ, ഉയർന്ന വരുമാനമുണ്ടായിരുന്ന ദുബായിലെ ഒരു പ്രവാസി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സുപ്രീം കോടതി പ്രത്യേക ഉത്തരവിലൂടെ 9 ശതമാനം പലിശ സഹിതം 7.64 കോടി രൂപ വരെ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് നിർദ്ദേശിച്ചിരുന്നു.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് രാസ്തോഗി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് മുൻപ് ഈ നിർണ്ണായകമായ വിധി പുറപ്പെടുവിച്ചത്. അപകടവുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിന് മാത്രമാണ് അന്ന് ഈ ഉയർന്ന തുക ലഭിച്ചത്. ഈ വിധിക്ക് പിന്നാലെ തങ്ങൾക്കും സമാനമായ രീതിയിൽ അർഹമായ ബാക്കി തുക ലഭിക്കണമെന്ന ആവശ്യവുമായി കൂടുതൽ കുടുംബങ്ങൾ സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ ഒത്തുചേർന്ന് രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിലാണ് നിലവിൽ ഈ കൂട്ടായ നിയമപോരാട്ടങ്ങൾ നടക്കുന്നത്.

എയർ ഇന്ത്യയുടെ മാനേജ്‌മെന്റ് ചുമതല പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഏറ്റെടുത്തതിനുശേഷം ഇരകളുടെ കുടുംബങ്ങളോട് കൂടുതൽ അനുകൂലമായ സമീപനം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് പ്രവാസികൾ. വരുന്ന ഓഗസ്റ്റ് മാസത്തിൽ സുപ്രീം കോടതി ഈ കേസുകൾ വീണ്ടും പരിഗണിക്കുമെന്നും തങ്ങളുടെ ന്യായമായ അവകാശങ്ങൾ കോടതി വഴി നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ പ്രസിഡന്റ് നാരായണൻ കളിങ്ങോൻ വ്യക്തമാക്കി.

Even 16 years after the tragic Mangalore air crash that claimed 158 lives, the families of the victims—mostly expatriates from North Kerala—continue their lengthy legal battle in the Supreme Court for equitable compensation under the Montreal Convention, buoyed by a past apex court verdict granting ₹7.64 crore to one family and hoping for a compassionate approach from Air India's new management, Tata Group.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതൊരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂ; തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട; നമുക്ക് ഒന്നിച്ച് ഇറങ്ങാം'

കുട്ടികളെ സ്വാധീനിക്കുന്ന മാതാപിതാക്കളുടെ ശീലങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 54 lottery result

ഫ്രാന്‍സിനെ നടുക്കി ബാലപീഡന പരമ്പര: മൂന്നും നാലും വയസുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി

SCROLL FOR NEXT