നീലേശ്വരം: നീലേശ്വരം പടന്നക്കാട് കാർഷിക കോളേജിന് മുന്നിൽ ദേശീയപാതയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുരയ്ക്കടുത്ത് അനന്തകൃഷ്ണൻ (24), മൂലപ്പള്ളിയിലെ കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്തെ തെയ്യം കാണാൻ ബൈക്കിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. പടന്നക്കാട് കാർഷിക കോളേജിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേണുഗോപാൽ - ശാന്തിയമ്മ ദമ്പതിമാരുടെ മകനാണ് അനന്തകൃഷ്ണൻ. മനോജ് ബൽത്തങ്ങാടിയുടെയും കെ.പി. രോഷ്‌നിയുടെയും മകനാണ് അനുരാഗ്. നീലേശ്വരം വസന്തവിഹാർ ഹോട്ടലിലെ കൗണ്ടർ സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു അനുരാഗ്. വിദ്യാർഥിനിയായ അനന്യയാണ് അനുരാഗിന്റെ സഹോദരി. രണ്ട് യുവാക്കളുടെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ അശ്രദ്ധമായി വാഹനം നിർത്തിയിട്ടതിന് ലോറി ഡ്രൈവർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates