പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തപ്പോൾ File Picture
Kozhikode

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്

പാണക്കാട് തങ്ങളുടെയും കുഞ്ഞാലികുട്ടിയുടെയും വീടിനോട് ചേർന്നുള്ള പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തപ്പോൾ എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച ലീഗ് നേതൃത്വം; പുതിയ പ്രഖ്യാപനം ഭീമാബദ്ധമെന്ന് ഫേസ്ബുക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയെ പൂർണ്ണമായും തള്ളിക്കൊണ്ട്, സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളിൽ 30 ഏക്കർ വീതമുള്ള വൻകിട മാലിന്യ ഡംപിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ഒരു കാലത്ത് ലീഗ് നേതൃത്വം തന്നെ പുകഴ്ത്തിയ മാലിന്യ നിർമ്മാർജ്ജന രംഗത്തെ പ്രവർത്തനങ്ങളെ പാർട്ടിയുടെ മന്ത്രി തന്നെ ഇകഴ്ത്തി രംഗതെത്തിയതിലെ വൈരുദ്ധ്യമാണ് ചർച്ചയാകുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വീടുകൾക്ക് തൊട്ടടുത്ത് ഉണ്ടായിരുന്ന പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തപ്പോൾ അത് ആഘോഷമാക്കാൻ കുഞ്ഞാലിക്കുട്ടിയും മലപ്പുറം എംപി ഇ ടി മുഹമ്മദ് ബഷീറും ലീഗിന്റെ മുൻ എം എൽ എ പി ഉബൈദുള്ളയും ഉണ്ടായിരുന്നു. അന്ന് വൃത്തിയാക്കിയെടുത്ത ഭൂമിയുടെ ഉദ്ഘാടനം എം പി രാജേഷ് ഫുട്ബോൾ തട്ടി നിർവഹിച്ചപ്പോൾ ഉബൈദുല്ല ആയിരുന്നു ഗോളി.

വർഷങ്ങളായി മലപ്പുറം ടൌൺ നിവാസികൾ അനുഭവിച്ചിരുന്ന കടുത്ത ദുർഗന്ധത്തിനും ദുരിതത്തിനും അറുതിവരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഈ വികേന്ദ്രീകൃത ബയോ മൈനിങ് പ്രവർത്തനങ്ങളെ അന്ന് ആ ചടങ്ങിൽ വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രശംസിക്കുകയും എൽ.ഡി.എഫ് സർക്കാരിന്റെ ശുചിത്വ മാതൃകയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള ലീഗിന്റെ അമരക്കാർ അന്ന് നെഞ്ചിലേറ്റിയ വികേന്ദ്രീകൃത-മാലിന്യമുക്ത മാതൃകയെയാണ്, ഇപ്പോൾ അതേ പാർട്ടിയിൽ നിന്നുള്ള മന്ത്രിയായ കെ.എം ഷാജി തന്നെ മാധ്യമങ്ങളിലൂടെ തള്ളിപറഞ്ഞിരിക്കുന്നത്.

മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കടുത്ത വിമർശനവുമായി എം.ബി രാജേഷ്

മന്ത്രി കെ.എം ഷാജിയുടെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. മന്ത്രിയുടെ ഈ പുതിയ 'ഡംപിങ് യാർഡ്' മോഡൽ കേരളത്തെ വീണ്ടും പഴയ ബ്രഹ്മപുരങ്ങളിലേക്കും ലാലൂരുകളിലേക്കും പുറകോട്ട് നടത്തുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.മാലിന്യം തള്ളാൻ ഡംപിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഇന്ത്യയിൽ ഇന്ന് നിയമവിരുദ്ധമാണ്. 'സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016' പ്രകാരം അത് അനുവദനീയമല്ല. ഏത് ഉദ്യോഗസ്ഥരാണ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെയൊരു ഭീമാബദ്ധം പറയിപ്പിച്ചതെന്ന് എം.ബി രാജേഷ് ചോദിച്ചു.

2025 അവസാനത്തോടെ കേരളത്തിലുണ്ടായിരുന്ന 59 ലെഗസി വേസ്റ്റ് ഡമ്പുകളിൽ 25 എണ്ണം പൂർണ്ണമായും ബയോ മൈനിങ്ങിലൂടെ മാലിന്യമുക്തമാക്കി 96 ഏക്കർ ഭൂമിയാണ് എൽ.ഡി.എഫ് സർക്കാർ വീണ്ടെടുത്തത്. തൃശൂർ ലാലൂരിലെ ഡംപ് സൈറ്റ് ഇന്ന് സ്പോർട്സ് കോംപ്ലക്സ് ആയി മാറി. ബ്രഹ്മപുരം ഇന്ന് പൂന്തോട്ടമാണ്. ബാക്കി 24 കേന്ദ്രങ്ങളിലും ബയോ മൈനിങ് പ്രക്രിയകൾ പൂർത്തിയായി വരികയാണ്. ഇന്ത്യയിലെ ആദ്യത്തെ 'ഡംപ് സൈറ്റുകളില്ലാത്ത സംസ്ഥാനം' എന്ന പദവിയുടെ പടിവാതിൽക്കൽ കേരളം നിൽക്കുമ്പോഴാണ് പുതിയ ഡംപ് സൈറ്റുകൾ ഉണ്ടാക്കുമെന്ന മന്ത്രിയുടെ ഈ തലതിരിഞ്ഞ പ്രഖ്യാപനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആഗോള അംഗീകാരം അട്ടിമറിക്കാൻ ശ്രമം

ബ്രസീലിൽ നടന്ന ആഗോള പരിസ്ഥിതി ഉച്ചകോടിയായ 'കോപ് 30'-ൽ ലോകത്തിലെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകകളിൽ ഒന്നായി കേരളത്തെ പരാമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിലും കേരളം വലിയ കുതിപ്പ് നടത്തിയിരുന്നു. കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി എൽ.ഡി.എഫ് സർക്കാർ ടെൻഡർ പൂർത്തിയാക്കിയ 4 റീജിയണൽ പ്ലാന്റുകളുടെ നിർമ്മാണം അട്ടിമറിക്കാൻ കോർപ്പറേഷൻ ഭരണത്തിലെ ചില സ്ഥാപിത താല്പര്യക്കാരും മാലിന്യ മാഫിയകളും ശ്രമിക്കുന്നതായും അതിന് കുടപിടിക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്നും ആരോപണമുണ്ട്. വികേന്ദ്രീകൃത രീതിക്ക് പകരം പ്രാകൃതമായ ഡംപിങ് രീതി കൊണ്ടുവന്നാൽ അതിനെ തെരുവിൽ നേരിടുമെന്നും, ആ ദുർഗന്ധവും വിഷപ്പുകയും കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അനുവദിക്കില്ലെന്നും എം.ബി രാജേഷ് അടിവരയിട്ട് വ്യക്തമാക്കി.

A major political contradiction has emerged within the IUML leadership following LSGD Minister K.M. Shaji's proposal for three massive 30-acre regional dump sites in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്

'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'

'പാസ്പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല'

'അച്ഛന് മലയാള സിനിമയെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു; അക്കാര്യത്തില്‍ നന്ദി പറയേണ്ടത് മമ്മൂട്ടിയും മോഹന്‍ലാലും ഞാനും'