Kozhikode Matrimony Camp 
Kozhikode

ജീവിതപങ്കാളിയെ തേടി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7,000 പേർ; അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാർ

സ്ത്രീകളിൽ കൂടുതൽ പേരും രണ്ടാം വിവാഹത്തിന്

Author : ലക്ഷ്മി ആതിര

കോഴിക്കോട്: വിവാഹപ്രായം കഴിഞ്ഞിട്ടും അനുയോജ്യമായൊരു ജീവിതപങ്കാളിയെ കണ്ടെത്താനാകാത്തവരുടെ എണ്ണം ചെറുതല്ലെന്ന് തെളിയിച്ച് കോഴിക്കോട് കരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്രത്തിൽ നടന്ന സൗജന്യ വിവാഹപൂർവ രജിസ്‌ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തത് ഏഴായിരത്തോളം പേർ. പ്രതീക്ഷിച്ചതിനേക്കാൾ അഞ്ചിരട്ടിയോളം ആളുകൾ എത്തിയതോടെ ക്ഷേത്രപരിസരത്തെ തിരക്ക് ദേശീയപാതയിലേക്കും നീണ്ടു. അപേക്ഷാഫോം വാങ്ങാനുള്ള ക്യൂ രണ്ട് ബസ് സ്റ്റോപ്പുകൾക്കപ്പുറത്തേക്ക് നീണ്ടപ്പോൾ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടിവന്നു.

നിയന്ത്രണാതീതമായ തിരക്ക്; അച്ചടിച്ച ഫോമുകൾ മണിക്കൂറുകൾക്കുള്ളിൽ തീർന്നു

ഞായറാഴ്ച (നവംബർ 1) നടന്ന ക്യാമ്പിൽ 1,500 മുതൽ 2,000 വരെ അപേക്ഷകരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാവിലെ ഏഴുമണിയോടെ തന്നെ ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായി. ഒമ്പതിന് തുടങ്ങാനിരുന്ന ഫോം വിതരണം തിരക്ക് കണക്കിലെടുത്ത് രണ്ട് മണിക്കൂർ നേരത്തേ ആരംഭിക്കേണ്ടിവന്നു. ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കേണ്ടിയിരുന്ന പരിപാടി വൈകുന്നേരം വരെ നീണ്ടു.

ആദ്യം 1,500 അപേക്ഷാഫോമുകളാണ് അച്ചടിച്ചിരുന്നത്. മണിക്കൂറുകൾക്കുള്ളിൽ അവ തീർന്നതോടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം തുടങ്ങി. പിന്നാലെ അച്ചടിശാലയെ സമീപിച്ച് 4,000 ഫോമുകൾ കൂടി എത്തിച്ചു. ദൂരദേശങ്ങളിൽനിന്ന് വരെ എത്തിയവരെ നിരാശരാക്കി മടക്കേണ്ടെന്നായിരുന്നു സംഘാടകരുടെ തീരുമാനം.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴി രണ്ടാഴ്ച മുമ്പ് മാത്രം പ്രചരിച്ച അറിയിപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതോടെയാണ് കരന്തൂരിലേക്ക് ആളുകളെത്തിയത്. കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽനിന്ന് പുലർച്ചെ തന്നെ പലരും യാത്ര തിരിച്ചു. ചിലർ തലേദിവസം കോഴിക്കോട്ടെത്തി മുറിയെടുത്ത് താമസിച്ചാണ് ക്യാമ്പിനെത്തിയത്. വിവാഹം കഴിക്കാൻ താത്പര്യമുള്ളവർ മാത്രമല്ല, മക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനായി മാതാപിതാക്കളും ക്യൂവിലെത്തി.

Kozhikode Matrimony Camp

അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാർ; സ്ത്രീകളിൽ കൂടുതൽ പേരും രണ്ടാം വിവാഹത്തിന്

ക്യാമ്പിലെ അപേക്ഷകരുടെ കണക്കാണ് മറ്റൊരു കൗതുകം. രജിസ്റ്റർ ചെയ്തവരിൽ ഏതാണ്ട് 80 ശതമാനവും പുരുഷന്മാർ. അതിൽ ഭൂരിഭാഗവും 30 വയസ്സ് പിന്നിട്ടവർ. നാൽപ്പതും അൻപതും വയസ്സുള്ളവരും നിരവധി. വർഷങ്ങളായി വിവാഹാലോചനകൾ നടക്കുന്നുണ്ടെങ്കിലും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനാകാത്തവരാണ് ഇവരിൽ പലരും. സ്ത്രീ അപേക്ഷകരിൽ നല്ലൊരു വിഭാഗം രണ്ടാം വിവാഹത്തിന് താത്പര്യമുള്ളവരാണെന്നും സംഘാടകർ പറയുന്നു.

മക്കൾക്ക് വിവാഹാലോചനകൾ നടത്തി മടുത്ത മാതാപിതാക്കൾക്കും ക്യാമ്പ് വലിയ പ്രതീക്ഷയായി. മകന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളം കാത്തുനിന്ന അമ്മമാരുമുണ്ടായിരുന്നു. വിവാഹാലോചനകൾക്ക് പിന്നാലെ വർഷങ്ങളോളം നടന്നിട്ടും ഫലം കാണാത്തവർക്ക് പുതിയൊരു വാതിൽ തുറക്കുകയായിരുന്നു ക്യാമ്പ്.

പൊരുത്തം കണ്ടെത്തൽ വലിയ വെല്ലുവിളി; അടുത്ത മാസം മുതൽ മറുപടി

ക്ഷേത്രത്തിലെ മതപരമായ ചടങ്ങുകൾക്കപ്പുറം സാമൂഹിക സേവനപ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വിവാഹപൂർവ രജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. പണം ചെലവാക്കാതെ അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ എല്ലാവർക്കും അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രോഗികൾക്ക് സഹായം നൽകുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വിവാഹച്ചെലവുകൾക്ക് പിന്തുണ നൽകുന്നതും ക്ഷേത്രസമിതിയുടെ മറ്റ് പ്രവർത്തനങ്ങളാണ്.

എന്നാൽ ഏഴായിരത്തോളം അപേക്ഷകൾ ലഭിച്ചതോടെ സംഘാടകർക്ക് മുന്നിലുള്ള ജോലി അത്ര ചെറുതല്ല. അപേക്ഷകൾ സ്വീകരിച്ചതുകൊണ്ട് മാത്രം വിവാഹം ശരിയാകില്ലല്ലോ. അതിലുപരി, അപേക്ഷകരിൽ അഞ്ചിൽ നാലുപേരും പുരുഷന്മാരായിരിക്കെ അനുയോജ്യമായ പൊരുത്തങ്ങൾ കണ്ടെത്തുക വലിയ വെല്ലുവിളിയാകും. പ്രായം, താത്പര്യങ്ങൾ, കുടുംബസാഹചര്യങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം പരിഗണിച്ച് അനുയോജ്യമായ ബന്ധങ്ങൾ കണ്ടെത്തണം.

അപേക്ഷകൾ ഏകോപിപ്പിച്ച് പട്ടിക തയ്യാറാക്കി അപേക്ഷകർക്ക് കൈമാറാനാണ് സമിതിയുടെ തീരുമാനം. ഇതിനായി 10 മുതൽ 20 ദിവസം വരെ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത മാസം ഒന്നുമുതൽ അപേക്ഷകർക്ക് മറുപടികൾ നൽകിത്തുടങ്ങുമെന്നും സംഘാടകർ അറിയിച്ചു.

നവംബർ 22നുശേഷം എല്ലാ ഞായറാഴ്ചകളിലും രാവിലെ ഏഴുമുതൽ പത്തുവരെ സമാനമായ രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്താനും ക്ഷേത്രസമിതി ആലോചിക്കുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങളും ഇത്തരം സാമൂഹിക ഇടപെടലുകൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Highlighting the deepening social reality of delayed marriages and the growing challenge of finding compatible life partners across Kerala, a free matrimonial registration camp hosted at Harahara Mahadeva Temple in Karanthur, Kozhikode, witnessed an overwhelming turnout of nearly 7,000 applicants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

വിഷമില്ലാത്ത പാവല്‍ കൈയെത്തും ദൂരത്ത്; ചെറിയ സ്ഥലത്തും മികച്ച വിളവ് നേടാം

'നവംബറിലാണ് കല്യാണം, അധികം ദിവസങ്ങളില്ല; വരൻ ബോഡി ബിൽഡർ', വിവാഹത്തെക്കുറിച്ച് റിമി ടോമി

'2000 രൂപ സൗജന്യമായി ലഭിക്കും', എയര്‍ടെലിന്റെ പേരില്‍ ദീപാവലി ഓഫര്‍; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

വിലക്ക് തീര്‍ന്നു; റഷ്യന്‍ പതാകയും ദേശീയ ഗാനവും ഒളിംപിക് വേദിയില്‍!