കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടങ്കലിൽ പാർപ്പിച്ചതാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ ദുരൂഹമായി തുടരുന്ന തിരോധാനക്കേസിൽ നിർണ്ണായക വഴിത്തിരിവാണിത്. മാമിയെ കാണാതായ സംഭവത്തെ കാണാതാകലിൽ എന്ന നിലയിൽനിന്ന് തട്ടിക്കൊണ്ടുപോകൽ കേസെന്ന നിലയിലേക്ക് അന്വേഷണത്തെ മാറ്റുന്നതാണ് പുതിയ നടപടി.
എന്നാൽ മാമിയെ എവിടേക്കാണ് കൊണ്ടുപോയതെന്നോ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ ലക്ഷ്യവും വ്യക്തമല്ല. പ്രാദേശിക പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും മൂന്നുവർഷത്തോളമായി മാമിയെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
ബാലുശ്ശേരി എരമംഗലം സ്വദേശിയായ 56-കാരനായ മാമിയെ 2023 ഓഗസ്റ്റ് 21-നാണ് കാണാതായത്. കോഴിക്കോട് അരയിടത്തുപാലത്തെ ഓഫീസിൽനിന്ന് പിന്നീട് തിരിച്ചെത്താമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി വീട്ടിലെത്തിയില്ല. തുടർന്ന് ഭാര്യ റംലത്ത് ഓഗസ്റ്റ് 22-ന് നടക്കാവ് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം കാണാതായതിന് കേസെടുത്തത്.
മാമിയുടെ അവസാന യാത്രയും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുമായിരുന്നു ആദ്യഘട്ട അന്വേഷണത്തിലെ പ്രധാന സൂചനകൾ. അരയിടത്തുപാലത്തുനിന്ന് തളക്കുളത്തൂർ ഭാഗത്തേക്ക് പോയതായാണ് മൊബൈൽ ടവർ ലൊക്കേഷൻ സൂചിപ്പിച്ചത്. ഓഗസ്റ്റ് 22 ഉച്ചവരെ തളക്കുളത്തൂർ മേഖലയിലാണ് ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത്. അതിനുശേഷം എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായില്ല.
ആദ്യഘട്ട അന്വേഷണത്തിലെ വീഴ്ചകൾ പിന്നീട് വലിയ വിവാദമായിരുന്നു. അരയിടത്തുപാലം മുതൽ തളക്കുളത്തൂർ വരെയുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും നടക്കാവ് പൊലീസ് വീഴ്ച വരുത്തിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുമ്പോഴേക്കും 2023-ലെ പല സിസിടിവി ദൃശ്യങ്ങളും കാലാവധി കഴിഞ്ഞ് മായ്ച്ചുപോയിരുന്നു. പിന്നീട് അറുപതോളം ക്യാമറകളിലെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചിരുന്ന നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, എസ്.ഐ. ബിനുമോഹൻ എന്നിവരുൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിലെ വീഴ്ചകൾ സംബന്ധിച്ച് വകുപ്പുതല പരിശോധനയും നടന്നിരുന്നു.
2024-ൽ മലപ്പുറം എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം തുടർന്നത്. എന്നാൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെത്തുടർന്ന് അതേ വർഷം സെപ്റ്റംബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യവുമായി മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു
അന്വേഷണത്തിനിടെ കേസ് വലിയ രാഷ്ട്രീയ വിവാദമായും മാറിയിരുന്നു. മുൻ നിലമ്പൂർ എംഎൽഎ. പിവി.അൻവർ അന്നത്തെ എഡിജിപി എംആർ. അജിത് കുമാറിനെതിരെ ആരോപണങ്ങളുന്നയിക്കുകയും മാമിയുടെ തിരോധാനക്കേസ് കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്യുകയും ചെയ്തു. മാമിയെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയവും അൻവർ ഉന്നയിച്ചിരുന്നു. എന്നാൽ അൻവറിന്റെ ആരോപണങ്ങൾ പരിശോധിച്ച ഉന്നതതല അന്വേഷണത്തിൽ എഡിജിപിക്കെതിരായ പ്രധാന ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താനായില്ല. അതേസമയം, മാമിയുടെ കേസുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളെ അന്വേഷണ റിപ്പോർട്ട് വിമർശിച്ചിരുന്നു.
പിന്നീട് അന്വേഷണം വിപുലീകരിച്ച ക്രൈംബ്രാഞ്ച് സൈബർ വിദഗ്ധരെയും വനിതാ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തി. 2026 മേയിൽ ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ 12 സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയിരുന്നു. മാമിയുടെ തിരോധാനത്തിന് പിന്നാലെയുള്ള നീക്കങ്ങൾ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ പുനഃപരിശോധിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
2026 ജൂലൈയിൽ അന്വേഷണ സംഘത്തിന് നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും മാമിയെ കാണാതായതിനു പിന്നാലെയുള്ള 18 മണിക്കൂർ നിർണ്ണായകമായി പരിശോധിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബം ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മാമിയുടെ കുടുംബം 2026 മേയിൽ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നതായും കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ മാമിയുടെ തിരോധാനത്തിൽ തട്ടിക്കൊണ്ടുപോകൽ നടന്നതായുള്ള വ്യക്തമായ നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരിക്കുകയാണ്. ആരാണ് തട്ടിക്കൊണ്ടുപോയത്, എവിടെയാണ് തടങ്കലിൽ പാർപ്പിച്ചത് തുടങ്ങിയ നിർണ്ണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates