വടകര: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണടിച്ചിലിൽ ദുരിതത്തിലായ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായില്ല. ശാശ്വതമായ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കാത്തതിൽ പ്രദേശവാസികൾ നിരാശയും ആശങ്കയും പ്രകടിപ്പിച്ചു. 2024 ലെ കാലവർഷം മുതൽ ദേശീയപാത വികസനത്തിനായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പും കുത്തനെയുള്ള വെട്ടിയെടുക്കലുമാണ് പ്രദേശത്ത് തുടർച്ചയായ മണ്ണടിച്ചിലിന് കാരണമായത്. മണ്ണിടിച്ചിൽ മൂലം സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി സജ്ജമാക്കിയ കോൺക്രീറ്റ് സാമഗ്രികൾ ആവർത്തിച്ച് തകർന്നിരുന്നു. നിലവിൽ ഭാസ്‌കരൻ വി, അഭിലാഷ്, ദേവരാജൻ കുഞ്ഞിക്കണ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരുടെ വീടുകളും വസ്തുവകകളും ഭീഷണിയിലാണ്.
അപകടസാധ്യതയുള്ള മേഖലയിൽ നിന്ന് തൽക്കാലത്തേക്ക് മാറ്റിപ്പാർപ്പിച്ചതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ഭീഷണി നേരിടുന്ന ഭൂമി പൂർണ്ണമായി ഏറ്റെടുത്ത് അർഹമായ നഷ്ടപരിഹാരവും ശാശ്വത പുനരധിവാസവും നൽകണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, 30 മഴരഹിത പ്രവൃത്തിദിനങ്ങൾ ലഭിക്കുകയാണെങ്കിൽ ഒക്ടോബർ 15-നകം ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് യോഗത്തിന് ശേഷം സ്ഥലം സന്ദർശിച്ച കളക്ടർ പറഞ്ഞു. നിർമ്മാണത്തിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. ഒഴിഞ്ഞുപോയ കുടുംബങ്ങൾക്ക് നൽകാനുള്ള വീട്ടുവാടക കുടിശ്ശിക ഉടൻ വിതരണം ചെയ്യും. കൂടുതൽ വസ്തുവകകൾ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്നും കളക്ടർ അറിയിച്ചു.
കെ.കെ. രമ എംഎൽഎയുടെ സാന്നിധ്യത്തിൽ ആർഡിഒ കെകെ. പ്രസീൽ, പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വടകര ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർണ്ണായക തീരുമാനങ്ങളെടുത്തു.
കരിമ്പനപ്പാലം മുതൽ പെരുവാട്ട തഴ വരെയുള്ള വാഹന ഗതാഗതം സർവീസ് റോഡുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും.
പെരുവാട്ട തഴ വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിർമ്മാണത്തിലിരിക്കുന്ന പാലത്തിനടിയിലൂടെ തിരിച്ചുവിടും.
ലിങ്ക് റോഡിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാത ഫ്ലൈഓവറിന് അടിയിലൂടെ കടന്നുപോകണം.
കെഎസ്ആർടിസി ബസുകൾ ഡിപ്പോയിലേക്ക് പെരുവാട്ട തഴ വഴിയായിരിക്കും പ്രവേശിക്കുക.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) പഠനം നടത്തും.
അതേസമയം, ബസ് സർവീസുകൾ വീണ്ടും ലിങ്ക് റോഡിലേക്ക് മാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപാരികളും പ്രദേശവാസികളും രംഗത്തെത്തി.വടകര ആർഡിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഇവർ പ്രഖ്യാപിച്ചു.ആറ് വർഷത്തോളം ബസുകൾ ലിങ്ക് റോഡ് വഴി ഓടിച്ചപ്പോൾ വ്യാപാരികൾക്ക് വൻ നഷ്ടമാണ് ഉണ്ടായതെന്നും, പഴയ ബസ് സ്റ്റാൻഡിലേക്ക് സർവീസ് മാറ്റിയ ശേഷമാണ് കച്ചവടം മെച്ചപ്പെട്ടതെന്നും ഇവർ പറയുന്നു. 11 വളവുകളുള്ള 900 മീറ്റർ മാത്രം ദൈർഘ്യമുള്ള ലിങ്ക് റോഡിൽ മുൻപ് നാല് മാരക അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നിലവിൽ 600-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടമാണിതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates