മലപ്പുറം: പാടത്തും പറമ്പിലും പൊരിവെയിലിലും കനത്ത മഴയിലും കർഷകർക്ക് തണലായിരുന്ന പനയോല തൊപ്പിക്കുടകൾ ഇന്ന് ഗൃഹാതുരത്വം തുളുമ്പുന്ന പഴയ ഓർമ്മകൾ മാത്രമായി മാറിയിരിക്കുകയാണ്. എന്നാൽ മലപ്പുറം വണ്ടൂർ സ്വദേശിയായ എഴുപതുകാരി ചന്ദ്രാവതിയുടെ കൈകളിൽ പനയോലകൾ ഇപ്പോഴും സുരക്ഷിതമായ കുടകളായി പുനർജനിക്കുന്നു. അന്യംനിന്നുപോകുന്ന പരമ്പരാഗത പനയോലക്കുട നിർമ്മാണം സ്വന്തം ഉപജീവനമാർഗ്ഗമാക്കി നിലനിർത്തുകയാണ് ഈ വയോധിക.
ചെറുപ്പകാലത്ത് കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഒരുനേരത്തെ അന്നത്തിനുള്ള വഴി തേടിയാണ് ചന്ദ്രാവതി പിതാവിന്റെ അമ്മയായ കാളിയിൽ നിന്ന് ഈ തൊഴിൽ പഠിച്ചെടുത്തത്. അക്കാലത്ത് അടുത്തുള്ള പറമ്പുകളിൽ നിന്ന് കുടപ്പനയോലകളും മുളയും പനനാരുകളും ശേഖരിച്ച് അച്ഛൻ രാമനും മുത്തശ്ശിക്കുമൊപ്പമിരുന്നായിരുന്നു കുട നിർമ്മാണം. വിവാഹശേഷവും ഭർത്താവ് രാമനൊപ്പം ചന്ദ്രാവതി ഈ തൊഴിൽ തുടർന്നുപോന്നു.
പണ്ട് തൊപ്പിക്കുടകൾക്ക് വിപണിയിൽ വൻ ഡിമാൻഡായിരുന്നുവെന്ന് ചന്ദ്രാവതി ഓർക്കുന്നു. തലയിൽ ചൂടുന്ന തൊപ്പിക്കുട, കാക്കുട, നെല്ല് പാറ്റാൻ ഉപയോഗിക്കുന്ന വീശിക്കുട തുടങ്ങിയവ വാങ്ങാൻ നിരവധി ആളുകൾ അന്ന് വീടുകളിലെത്തുമായിരുന്നു. എന്നാൽ കൃഷിരീതികളിൽ യന്ത്രവൽക്കരണം വന്നതോടെ പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം ഇത്തരം ഓലക്കുടകളും ആളുകൾക്ക് വേണ്ടാതായി മാറി. രണ്ട് വർഷം മുൻപ് ഭർത്താവ് രാമൻ മരിച്ചതോടെ പ്രദേശത്ത് ഈ തൊഴിൽ ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാളായി ചന്ദ്രാവതി മാറി. ഇപ്പോൾ മക്കളുടെ സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നത്.
എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ കുടപ്പനയോലകൾ ശേഖരിച്ച് ഉണക്കിയെടുക്കുന്നതോടെയാണ് കുട നിർമ്മാണ ജോലികൾ ആരംഭിക്കുന്നത്. പിന്നീട് മുള ചീകിയെടുത്ത് ഫ്രെയിമുകൾ തയ്യാറാക്കുന്നു. പനനാരുകൾ ഉപയോഗിച്ച് മുളക്കഷണങ്ങൾ പരസ്പരം ബന്ധിപ്പിച്ച ശേഷം ഉണക്കിയ പനയോലകൾ ഇവയിൽ ഉറപ്പിച്ച് നെയ്തെടുക്കും. മഴക്കാലം എത്തുന്നതോടെ കുടകൾ പൂർണ്ണമായും വിൽപ്പനയ്ക്ക് തയ്യാറാകും.ആവശ്യക്കാരുടെ തലയുടെ അളവുകൾ നേരിട്ടെടുത്താണ് ചന്ദ്രാവതി കുടകൾ തുന്നുന്നത്. ദീർഘകാലം ഈട് നിൽക്കുന്നതിനും ചോർച്ച തടയുന്നതിനുമായി പഴയ പ്ലാസ്റ്റിക് ചാക്കുകൾ കൂടി ഉപയോഗിച്ചാണ് ഇവയുടെ മുകൾഭാഗം തുന്നിപ്പിടിപ്പിക്കുന്നത്. വണ്ടൂർ ജംഗ്ഷനിലും വീട്ടിൽ നേരിട്ടെത്തിയും ആളുകൾ കുടകൾ വാങ്ങുന്നുണ്ടെങ്കിലും പണ്ടത്തെ അത്ര ആവശ്യക്കാർ ഇപ്പോഴില്ലെന്ന യാഥാർത്ഥ്യത്തിനിടയിലും പാരമ്പര്യത്തിന്റെ തനിമ ചോരാതെ മുന്നോട്ടുപോകുകയാണ് ചന്ദ്രാവതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates