മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളജിൽ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ആരോപിച്ച് മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം. തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മൺസൂൺ ക്യാംപിലാണ് കോളജ് മാനേജ്‌മെന്റിനും മന്ത്രി പികെ ബഷീറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. കോളജിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് മന്ത്രി പികെ ബഷീർ ഉടൻ രാജിവെച്ച് ഒഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രമുഖ കലാലയമാണ് കൊണ്ടോട്ടി ഇഎംഇഎ കോളജ്. പാണക്കാട് ബഷീർ അലി തങ്ങളാണ് സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോളജിലെ ബിരുദ, ബിരുദാനന്തര, ബി.എഡ് കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ അനധികൃതമായി വാങ്ങുന്നുവെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം.
സമൂഹത്തിലെ, വിശേഷിച്ച് മുസ്‌ലിം സമുദായത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഇഎംഇഎ കോളേജ് ഇന്ന് വെറുമൊരു വിദ്യാഭ്യാസ കച്ചവട കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ കുട്ടികൾ ഉന്നത പഠനത്തിന് അർഹത നേടി വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തലവരിപ്പണം ചോദിക്കുന്നത് ലജ്ജാകരവും പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധവുമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്ഥാപിച്ചതും, ഒട്ടേറെ നിസ്വാർത്ഥരായ മനുഷ്യർ സൗജന്യമായി ഭൂമി വിട്ടുനൽകിയും കഠിനാധ്വാനം ചെയ്തും പടുത്തുയർത്തിയതുമായ ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായാണ് മന്ത്രി പികെ ബഷീർ ജനറൽ സെക്രട്ടറിയായിരിക്കുന്ന മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്. മുസ്‌ലിം ലീഗ് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ സ്ഥാപനത്തിൽ ഇത്തരം നീതികേടുകൾ അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
നേരത്തെയും കോളജിലെ കോഴപ്പിരിവിനെതിരെ യൂത്ത് ലീഗ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തലവരിപ്പണ പിരിവുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates