മലപ്പുറം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള മുൻവൈരാഗ്യത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ എൻജിനിൽ ഉപ്പ് വാരിയിട്ട് കേടുവരുത്തിയ മുൻ ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിലായി. കരുവാരകുണ്ട് കേരള സ്വദേശി റമീസ്, കാരപ്പുറം പോത്തൻകോടൻ സ്വദേശി സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. ബസ് മാനേജർ നിസാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായ വീഴ്ചകളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ബസ് ഉടമ ഇരുവരെയും ജോലിയിൽ നിന്ന് നീക്കിയത്. ഇതിലുള്ള കടുത്ത പകയാണ് വാഹനത്തിന് ഭീമമായ കേടുപാടുണ്ടാക്കി ഉടമയ്ക്ക് നഷ്ടം വരുത്തിവെക്കാൻ ഇവരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം 30-ന് രാത്രി 11 മണിയോടെ പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ഇരുവരും ചേർന്ന് ബസിന്റെ എൻജിനിൽ ഉപ്പ് വാരിയിട്ടത്.
എൻജിനുള്ളിൽ ഉപ്പ് ചേർത്താൽ ഉടനടി തകരാർ സംഭവിക്കില്ലെന്നും രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞ് തുരുമ്പെടുത്ത് തകരാറിലാകുമ്പോൾ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കണക്കുകൂട്ടിയത്. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പിറ്റേദിവസം സർവീസ് തുടങ്ങിയ ഉടൻ തന്നെ ബസ് പണിമുടക്കി. ഏകദേശം 50 കിലോമീറ്ററോളം ഓടിയപ്പോഴേക്കും എൻജിനിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുകയും വാഹനം നിശ്ചലമാവുകയുമായിരുന്നു. പരിശോധനയിൽ എൻജിനിൽ ഉപ്പ് അടിഞ്ഞുകൂടിയതായി കണ്ടെത്തി. സംഭവത്തിൽ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ബസ് തകരാറിലായ വിവരമറിഞ്ഞതോടെ പ്രതികൾ രണ്ടുപേരും നാടുവിട്ട് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയിട്ടിരുന്ന പെട്രോൾ പമ്പിലെയും അനുബന്ധ പാതകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളുടെ ഇടപെടൽ വ്യക്തമായത്.