

വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരം കുറച്ച് സോഷ്യൽമീഡിയയിൽ താരമാവുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആയ സിമർ. ഭക്ഷണം ഒഴിവാക്കാതെയും കർശന ഡയറ്റിങ് ഇല്ലാതെയും ശരീരം വടിവൊത്തതാക്കാമെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സിമർ പറയുന്നത്.
ദിവസവും 10,000 ചുവടുകൾ നടക്കുകയോ കഠിനമായ ഡയറ്റുകൾ പിന്തുടരുകയോ ചെയ്യാതെ വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരമാണ് സിമർ കുറച്ചത്. താൻ കൈവരിച്ച മാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സിമർ, ഭാരം കുറയ്ക്കാനായി താൻ പിന്തുടർന്ന നാല് ലളിതമായ ജീവിതശൈലി ശീലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു.
പ്രോസസ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം സ്വാഭാവികമായ പോഷകാഹാരങ്ങൾക്ക് ഡയറ്റിൽ പ്രാധാന്യം നൽകി. ഇത് വയർ വീർക്കുന്ന പ്രശ്നവും അനാവശ്യ വിശപ്പും നിയന്ത്രിക്കാൻ സഹായിച്ചു. ലീൻ പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ്, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയതായിരുന്നു സിമറിന്റെ ഭക്ഷണം.
വെയ്റ്റ് ലോസ് യാത്രയിൽ ഉറക്കത്തിന്റെ പങ്ക് വളരെ വലുതാണെന്ന് സിമർ പറയുന്നു. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായ ഉറക്കം സിമർ ഉറപ്പാക്കി. ഇത് ശരീരത്തിന്റെ ഉന്മേഷത്തിനും വീണ്ടെടുപ്പിനും അനാവശ്യമായ ഭക്ഷണ ആസക്തിയും തടയാൻ സഹായിച്ചു.
ദിവസവും 10000 ചുവടുകൾ ഒന്നിച്ച് നടക്കാൻ ശ്രമിക്കുന്നതിന് പകരം, ഓരോ നേരം ഭക്ഷണം കഴിച്ച ശേഷവും 10 മിനിറ്റ് വീതം നടക്കുക എന്ന ശീലമാണ് സിമർ വളർത്തിയെടുത്തത്. ഇത് ദഹനം സുഗമമാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിച്ചു.
ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാതെയാണ് സിമർ ഡയറ്റ് തയ്യാറാക്കിയിരുന്നത്. കലോറിയും മാക്രോന്യൂട്രിയന്റുകളും കൃത്യമായി കണക്കാക്കി, ആസൂത്രിതമായി മാത്രമാണ് ഇത്തരം ഭക്ഷണങ്ങൾ കഴിച്ചത്. കഠിനമായ നിയന്ത്രണങ്ങളേക്കാൾ പ്രധാനം ജീവിതശൈലിയിലെ സ്ഥിരതയാണെന്ന് സിമർ ഓർമ്മിപ്പിക്കുന്നു.
ഇവയ്ക്ക് പുറമേ, ലളിതമായ കോർ വ്യായാമങ്ങളും കലോറി കുറഞ്ഞ പാനീയങ്ങളും സിമറിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. സിമറിൻ്റെ ദിനചര്യയിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഹെൽത്തി ഫാറ്റ് എന്നിവ സമീകൃതമായി ഉൾപ്പെടുത്തിയിരുന്നു. കോഴിയിറച്ചി, മുട്ട, ടോഫു, മൈദ ഒഴിവാക്കിയ ഹോൾ-ഗ്രെയിൻ ബ്രെഡ്, ചോറ്, അവക്കാഡോ, പഴങ്ങൾ, മഖാന, പോപ്പ്കോൺ, ഗ്രീക്ക് യോഗർട്ട് എന്നിവ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.
പെട്ടെന്ന് വണ്ണം കുറയ്ക്കുന്ന താത്കാലിക ഡയറ്റുകൾക്ക് പിന്നാലെ പോകാതെ, ദീർഘകാലം നിലനിർത്താൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണ-വ്യായാമ രീതികൾ സ്വീകരിക്കാനാണ് സിമർ എല്ലാവരെയും ഉപദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates