Rishab Sreedharan Iyer, Sreedharan Iyer, Lakshmi Sreedharan Iyer and Rudra Sreedharan Iyer, the four family members missing in Nepal EXPRESS
Malappuram

മാനസസരോവർ യാത്രയ്ക്കിടെ ദുരന്തം: പൊന്നാനി സ്വദേശികളായ നാല് ഓസ്ട്രേലിയൻ മലയാളികളെ നേപ്പാളിൽ കാണാതായി

റസുവയിൽ അവസാനമായി ബന്ധപ്പെട്ടത് പ്രളയത്തിന് മൂന്ന് മണിക്കൂർ മുൻപ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പൊന്നാനി: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും പൊന്നാനി സ്വദേശികളായ ഓസ്ട്രേലിയൻ മലയാളി കുടുംബത്തെ കാണാതായി. .മാനസസരോവർ തീർഥാടന യാത്രയ്ക്കായി നേപ്പാളിലെത്തിയ ശ്രീധരൻ അയ്യരെയും കുടുംബത്തെയുമാണ് കാണാതായത്. പ്രളയം രൂക്ഷമായി ബാധിച്ച റസുവ പ്രദേശത്തുനിന്നാണ് കുടുംബവുമായി അവസാനമായി ബന്ധപ്പെടാനായത്.

പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഈശ്വർ നിവാസിൽ ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി ശ്രീധരൻ അയ്യർ (49), മക്കളായ ഋഷഭ് ശ്രീധരൻ അയ്യർ (23), രുദ്ര ശ്രീധരൻ അയ്യർ (20) എന്നിവരെയാണ് കാണാതായത്. വർഷങ്ങളായി സിഡ്നിയിൽ താമസിച്ചുവരുന്ന കുടുംബം മാനസസരോവർ തീർഥാടനത്തിനായാണ് നേപ്പാളിലെത്തിയത്. കുടുംബത്തെ കണ്ടെത്തുന്നതിനായി പൊന്നാനിയിൽനിന്നുള്ള ബന്ധുക്കൾ നേപ്പാളിലെത്തി തിരച്ചിൽ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ഓഗസ്റ്റ് 21നാണ് കുടുംബം കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയത്. തുടർന്ന് മാനസസരോവർ യാത്രയുടെ ഭാഗമായി റസുവയിലേക്ക് പോയി. മിന്നൽ പ്രളയം ഉണ്ടാകുന്നതിന് ഏകദേശം മൂന്ന് മണിക്കൂർ മുൻപ് നാട്ടിലെ ബന്ധുക്കളുമായി കുടുംബം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

അതേസമയം, ദുരന്തത്തിന് മുൻപ് കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരിക്കാമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. കുടുംബം താമസിച്ചിരുന്ന ഹോട്ടൽ നിലവിൽ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. ദുരന്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുടുംബം ഹോട്ടൽ ഒഴിഞ്ഞതായും വിവരമുണ്ട്.

"ദുരന്തം ഉണ്ടാകുന്നതിന് ഒന്നര മണിക്കൂർ മുൻപ് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്തതായി വിവരമുണ്ട്. അവർ താമസിച്ചിരുന്ന ഹോട്ടൽ ഇപ്പോൾ സുരക്ഷിതമാണ്. അവിടെനിന്ന് അവർ കാഠ്മണ്ഡുവിലേക്ക് പോയിരിക്കാമെന്നാണ് കരുതുന്നത്. മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്തതാകാമെന്നും പരിശോധിക്കുന്നുണ്ട്. ശ്രീധരൻ അയ്യരുടെ ബന്ധുക്കൾ വിവരങ്ങൾ ശേഖരിക്കാനും തിരച്ചിലിൽ പങ്കെടുക്കാനുമായി നേപ്പാളിലെത്തിയിട്ടുണ്ട്," പൊന്നാനി എം എൽ എ കെ പി നൗഷാദ് അലി പറഞ്ഞു.

മൊബൈൽ നെറ്റ്വർക്ക് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും ദുരന്തത്തിന്റെ വ്യാപ്തിയും കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിവിധ മാർഗങ്ങളിലൂടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

"അവർ ഓസ്ട്രേലിയൻ പൗരന്മാരായതിനാൽ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതോടൊപ്പം നോർക്കയും ഇന്ത്യൻ എംബസിയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നേപ്പാളിൽ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അതിനാൽ രക്ഷാപ്രവർത്തനം വളരെ പ്രയാസകരമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹെലികോപ്റ്റർ ഉപയോഗിച്ച് വ്യോമനിരീക്ഷണവും തിരച്ചിലും നടക്കുന്നുണ്ട്. ശ്രീധരൻ അയ്യരുടെ ബന്ധുക്കളും തിരച്ചിൽ പ്രവർത്തനങ്ങളുടെ ഭാഗമാകും," നൗഷാദ് അലി പറഞ്ഞു.

കുടുംബം എവിടെയെങ്കിലും സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് പൊന്നാനി എംഎൽഎ നൗഷാദ് അലി പറഞ്ഞു. കുടുംബത്തെ എത്രയും വേഗം കണ്ടെത്തുന്നതിനായി നേപ്പാൾ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും തിരച്ചിൽ ശക്തമാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മടക്കര പള്ളിയിലെ പൊലീസ് നടപടി; പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി; പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനം

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; മോദി ഉസ്‌ബെക്കിസ്ഥാനിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍