മലപ്പുറം: ദേശീയപാത 66-ല്‍ കൂരിയാട് തകര്‍ന്ന ആറുവരി പാതക്ക് പകരം നിർമിച്ച വയഡക്ട് ഗതാഗതത്തിനായി ഭാഗികമായി തുറന്നു. 40 അടി ഉയരത്തില്‍ മണ്ണു നിറച്ച് നിര്‍മിച്ച ആറു വരി പാത കഴിഞ്ഞ മേയിലാണ് തകര്‍ന്നത്. ഇതോടെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾക്കായുള്ള കാരിയേജ് വേ പ്രവർത്തനക്ഷമമാക്കിയതോടെ കഴിഞ്ഞ ഒരു വർഷമായി ഗതാഗത കുരുക്കിൽപ്പെട്ടിരുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായി.
കുരിയാടിനും കൊളപ്പുറത്തിനും ഇടയിൽ 380 മീറ്റർ നീളമുള്ള വയഡക്റ്റ്, 2025 മേയിൽ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ തകർന്ന എലിവേറ്റഡ് റോഡിന് പകരമായാണ് നിർമിച്ചിരിക്കുന്നത്. പുതിയ പാത തുറന്നതോടെ തിരക്കേറിയ ദേശീയപാത ഇടനാഴിയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എറണാകുളം–കോഴിക്കോട് ദിശയിലേക്കുള്ള മറുവശത്തെ കാരിയേജ് വേയും പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും, ഞായറാഴ്ച അത് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നും ദേശീയപാത അധികൃതർ അറിയിച്ചു.
ടാറിംഗ് ജോലിയുടെ നാലിൽ മൂന്ന് ഭാഗം പൂർത്തിയായിരിക്കെ കഴിഞ്ഞ വർഷം മെയിൽ നികത്തിയ മണ്ണിന്റെ സമ്മർദ്ദം താങ്ങാനാകാതെ സംരക്ഷണഭിത്തികൾ തകർന്നു. തുടർന്ന് മണ്ണ് സമീപത്തെ നെൽവയലുകളിലേക്ക് ഒഴുകിപ്പോകുകയും, ഏകദേശം 40 അടി ഉയരത്തിലുണ്ടായിരുന്ന എലിവേറ്റഡ് റോഡ് ഇടിഞ്ഞുവീഴുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വിദഗ്ധസംഘം സ്ഥലം പരിശോധിച്ച്, തകർന്ന ഭാഗത്തിന് പകരം വയഡക്റ്റ് പാലം നിർമിക്കാൻ ശുപാർശ ചെയ്തു. ദീർഘകാല സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രത്യേക വിദഗ്ധസമിതി പിന്നീട് രൂപകൽപ്പനയും ഉയരവും അന്തിമമാക്കി.
നിർമാണ ജോയിന്റുകൾ പൂരിപ്പിക്കൽ, മീഡിയൻ ഡിവൈഡറുകൾ സ്ഥാപിക്കൽ, റോഡ് മാർക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള അവസാനഘട്ട ജോലികൾ പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു.
തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽ തെരുവുവിളക്കുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിലെ പെയിന്റിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. അവ ശനിയാഴ്ച രാത്രിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
“എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള പാതയിലെ ജോലികളും പൂർത്തിയായി. ഞായറാഴ്ച ഗതാഗതത്തിനായി റോഡ് തുറക്കും. കുറച്ച് പെയിന്റിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്,” എന്ന് എൻഎച്ച്എഐ ലെയ്‌സൺ ഓഫീസർ അഷ്‌റഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates