വാഴക്കാട് (മലപ്പുറം):വാഴക്കാട് മുടക്കോഴിമലയിൽ കോടതി നിർദ്ദേശപ്രകാരം ചെങ്കൽ ഖനനം താൽക്കാലികമായി നിർത്തിവെപ്പിച്ചെങ്കിലും, ഖനനം നടത്തിയ കുഴികൾ മൂടി പൂർവ്വസ്ഥിതിയിലാക്കാത്തത് അപകടഭീഷണിയാകുന്നു. കനത്ത മഴ പെയ്യുമ്പോൾ ആഴമേറിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും മലയുടെ താഴ്ഭാഗത്തേക്ക് വെള്ളം കുത്തിയൊലിച്ചെത്തുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വാഴക്കാട് വില്ലേജ് ഓഫീസർ മനോജ് കുമാർ, വി.എ. റഷീദ്, സാമൂഹ്യപ്രവർത്തകൻ അൽജമാൽ നാസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സ്ഥലസന്ദർശനത്തിന് ശേഷം വില്ലേജ് ഓഫീസർ മനോജ് കുമാർ ഖനന ഉടമയെ ഫോണിൽ വിളിച്ച്, ഖനനം നടത്തിയ കുഴികൾ അടിയന്തരമായി മണ്ണിട്ട് മൂടി പൂർവ്വസ്ഥിതിയിലാക്കാൻ കർശന നിർദ്ദേശം നൽകി. എന്നാൽ ഖനനം നടന്ന പ്രദേശങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നേരത്തെ പലർക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും തുടര്‍നടപടികൾ ഉണ്ടായിട്ടില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനാസ്ഥയാണ് കുഴികൾ നികത്താതെ കിടക്കുന്നതിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കനത്ത മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വൻതോതിൽ വെള്ളം നിറയുകയും, തുടർന്ന് മുടക്കോഴിമലയുടെ വിവിധ ഭാഗങ്ങളിലൂടെ ജനവാസ മേഖലകളിലേക്ക് ശക്തിയായി കുത്തിയൊലിച്ചെത്തുകയുമാണ്. ഉരുൾപൊട്ടലിന് സമാനമായ അപകടസാധ്യത നിലനിൽക്കുന്നതിനാൽ കുഴികൾ എത്രയും പെട്ടെന്ന് മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates