പാലക്കാട്: മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയെ യുവതി മർദിച്ചെന്ന പരാതിയിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് റെയിൽവേ ഡിവിഷനിലെ ഷൊർണൂർ ടീമിൽ ജോലി ചെയ്യുന്ന ടിടിഇ. എസ്. സുജിത്ത് നൽകിയ പരാതിയിലാണ് നടപടി.
തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്ന തൃത്താല പട്ടിത്തറ സ്വദേശിനി കെ.പി. ശ്രുതി, ട്രെയിനിലെ എസ്-5 റിസർവ്ഡ് കോച്ചിലാണ് കയറിയതെന്ന് പരാതിയിൽ പറയുന്നു.
ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യാനാവില്ലെന്നും വനിതാ ജനറൽ കോച്ചിലേക്ക് മാറണമെന്നും ടിടിഇ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിനിടെ യുവതി തന്നെ മർദിച്ചെന്നാണ് സുജിത്തിന്റെ പരാതി.
"ജനറൽ ടിക്കറ്റുള്ള യാത്രക്കാരിയോട് റെയിൽവേ ചട്ടപ്രകാരം റിസർവേഷൻ കോച്ചിൽ നിന്ന് വനിതാ ജനറൽ കോച്ചിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും, ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്," എന്ന് ടി.ടി.ഇ എസ്. സുജിത്ത് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഷൊർണൂർ റെയിൽവേ പൊലീസ് അറിയിച്ചു. ടി.ടി.ഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരിയുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
അതേസമയം, ടിടിഇ തന്നോട് മോശമായി പെരുമാറിയെന്നും സ്വരക്ഷക്ക് വേണ്ടിയാണ് പ്രതികരിച്ചതെന്നും ശ്രുതി റെയിൽവേ പൊലീസിന് മൊഴി നൽകി. തന്നെ ആക്രമിച്ചതിന് ടി.ടി.ഇ-ക്ക് എതിരെ ശ്രുതിയും റെയിൽവേ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇരുവരും പിന്നീട് വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിച്ചു.
സംഭവത്തിന്റെ സാഹചര്യങ്ങളും ഇരുവിഭാഗങ്ങളുടെയും വാദങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates