കരിമ്പുഴ: റോഡപകടങ്ങൾ നടന്നയിടങ്ങളിലേക്ക് രക്ഷാപ്രവർത്തകരോ പൊലീസോ എത്തുന്നതിന് മുൻപേ, ദുരന്തമുഖങ്ങളിൽ ആരും സഹായം അഭ്യർത്ഥിക്കാൻ കാത്തുനിൽക്കാതെ സ്വന്തം ജീവൻ പണയപ്പെടുത്തിയും ഓടിയെത്തിയിരുന്ന കരിമ്പുഴയുടെ പ്രിയപ്പെട്ട സക്കീർ നമ്പിയത്ത് (53) ഇനി ഓർമ്മ. നാടിന്റെ ഏത് പ്രതിസന്ധിയിലും കാവലാളായും സാധാരണക്കാരുടെ ആശ്വാസമായും നിലകൊണ്ട ആ മനുഷ്യസ്നേഹിയുടെ വിയോഗം കരിമ്പുഴയ്ക്കും സമീപ നാടുകൾക്കും താങ്ങാനാവാത്ത നോവായി മാറി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. അടക്കാപ്പുത്തൂർ എൻ.എം. മരമിൽ ഉടമയായിരുന്നു അദ്ദേഹം.
നാട്ടിൽ എവിടെയെങ്കിലും ഒരു അത്യാഹിതമോ അപകടമോ സംഭവിച്ചാൽ സ്വന്തം വ്യവസായവും തിരക്കുകളും മാറ്റിവെച്ച് ആദ്യം എത്തുന്ന വ്യക്തിയായിരുന്നു സക്കീർ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തമായി ക്രെയിനും തോണിയും ജെസിബിയുമെല്ലാം എപ്പോഴും സജ്ജമാക്കി വെച്ചിരുന്ന അദ്ദേഹം യാതൊരു പ്രതിഫലവുമില്ലാതെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. വർഷങ്ങൾക്ക് മുൻപ് തിരുവഴിയോട്ടുണ്ടായ വലിയ ബസ് അപകടത്തിൽ മറ്റ് രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപേ സ്വന്തം ആളുകളുമായും ക്രെയിനുമായും എത്തി ജീവനുകൾ കാത്തത് സക്കീറിന്റെ ധീരതയായിരുന്നു. പുഞ്ചപ്പാടത്തുണ്ടായ വാഹനാപകടത്തിൽ ദമ്പതിമാരുടെ മീതെ വാഹനം മറിഞ്ഞുവീണപ്പോഴും പുഴയിലെ മലവെള്ളപ്പാച്ചിലിൽ പെട്ടുപോയ വയനാട് സ്വദേശികളെ അതിസാഹസികമായി കരയ്ക്കെത്തിച്ചപ്പോഴും രക്ഷകന്റെ വേഷത്തിൽ മുന്നിലുണ്ടായിരുന്നത് ഈ കരിമ്പുഴക്കാരനായിരുന്നു. ട്രോമാകെയർ സന്നദ്ധ പ്രവർത്തനങ്ങളിലും അദ്ദേഹം അവിഭാജ്യ സാന്നിധ്യമായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് അപ്പുറം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതപ്രയാസങ്ങൾക്കും സക്കീർ എന്നും വലിയ കൈത്താങ്ങായിരുന്നു. സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാനും തകർന്ന വീടുകൾ സ്വന്തം ചെലവിൽ വാസയോഗ്യമാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കിയതിനൊപ്പം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനും സാമ്പത്തികമായി സഹായിച്ചു. കുലുക്കിലിയാട് പ്രവർത്തിക്കുന്ന യുവചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ചെലവിൽ വാഹനം വാങ്ങി നൽകിയതും അദ്ദേഹത്തിന്റെ ജീവകാരുണ്യ മനസ്സിന് തെളിവാണ്.
കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയുടെ സജീവ പ്രവർത്തകനായ അദ്ദേഹം, നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ നവീകരണ പ്രവർത്തനങ്ങൾക്കും ഉത്സവങ്ങൾക്കും അന്നദാനങ്ങൾക്കും മതഭേദമന്യേ നിർലോഭമായ സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ടായിരുന്നു. മികച്ചൊരു കായികതാരം കൂടിയായിരുന്ന സക്കീർ ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ കേരളോത്സവം ഉൾപ്പെടെയുള്ള വേദികളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അപകടവാർത്തകൾ കേൾക്കുമ്പോൾ സഹായഹസ്തവുമായി ആദ്യം പാഞ്ഞെത്തിയിരുന്ന പ്രിയപ്പെട്ട മനുഷ്യന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് കരിമ്പുഴയും പരിസരപ്രദേശങ്ങളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates