പാലക്കാട്: മീൻകറിയിൽ ഒരു കഷണം കുടംപുളിയിട്ടാൽ കിട്ടുന്ന രുചി മലയാളിക്ക് സുപരിചിതമാണ്. എന്നാൽ കേരളത്തിന്റെ അടുക്കളകളിൽ സ്ഥിരം സാന്നിധ്യമായ കുടംപുളിക്ക് വലിയൊരു കാർഷിക-വാണിജ്യ സാധ്യതയുണ്ടെന്ന കാര്യം വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല. വീടുകളുടെ തൊടികളിലും പറമ്പുകളിലും വളരുന്ന ഈ വൃക്ഷത്തെ മികച്ച വരുമാനം നൽകുന്ന വാണിജ്യവിളയാക്കി മാറ്റാനാകുമെന്നാണ് പ്രമുഖ കർഷകൻ ജെയിംസ് പി മാത്യു മുന്നോട്ടുവെക്കുന്ന നിർദേശം. നേരത്തെ ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ കേരളത്തിന് പരിചയപ്പെടുത്തി ശ്രദ്ധനേടിയ കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല സ്വദേശിയാണ് ജെയിംസ് പി. മാത്യു.
കേരളത്തിൽ കുടംപുളിക്ക് സ്ഥിരമായ ആവശ്യകതയുണ്ടെങ്കിലും അതിനനുസരിച്ചുള്ള സംഘടിത കൃഷിയും ഉൽപ്പാദനവും വിപണനവും ഇവിടെ വികസിച്ചിട്ടില്ല. ഉണക്കിയ കുടംപുളിക്ക് വിപണിയിൽ കിലോയ്ക്ക് 240 മുതൽ 400 രൂപ വരെ ലഭിക്കുന്നുണ്ട്. കേരള സർക്കാരിന്റെ മൊത്തവില കണക്കിലും ഇതിന് മികച്ച വിലയാണ് ഉള്ളത്. ഗുണനിലവാരം, വിപണനരീതി എന്നിവ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകാറുണ്ട്.
കുടംപുളി കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ നിത്യഹരിത വൃക്ഷമാണ്. വീട്ടുവളപ്പിലും കൃഷിയിടങ്ങളുടെ അതിരുകളിലും ഇടവിളയായും ഇത് വളർത്താം. ഒരിക്കൽ നട്ടുവളർത്തിയാൽ വർഷങ്ങളോളം വിളവ് നൽകുമെന്നതും താരതമ്യേന കുറഞ്ഞ രോഗകീടബാധയുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. വാണിജ്യകൃഷിക്ക് മികച്ച ഗ്രാഫ്റ്റ് തൈകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
കുടംപുളിയുടെ സാധ്യത ഉണക്കി വിൽക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആധുനിക ഫുഡ് ഡ്രയറുകളിൽ നിയന്ത്രിത താപനിലയിൽ ഉണക്കിയാൽ ശുചിത്വവും ഗുണനിലവാരവുമുള്ള ഉൽപ്പന്നം തയ്യാറാക്കാം. മഴക്കാലത്തെ സംസ്കരണപ്രശ്നങ്ങൾ പരിഹരിക്കാനും പൂപ്പൽബാധയും ഈർപ്പവും നിയന്ത്രിക്കാനും ഇത് സഹായിക്കും. കുടംപുളി സത്ത്, പൾപ്പ്, ഭക്ഷ്യസംസ്കരണത്തിനുള്ള മറ്റ് ചേരുവകൾ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വലിയ വിപണി സാധ്യതയുണ്ട്.
കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുകയും ഉൽപ്പന്നങ്ങൾ പാക്ക് ചെയ്ത് ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയും ചെയ്താൽ കർഷകർക്ക് കൂടുതൽ വരുമാനം നേടാനാകും. മികച്ച തൈകൾ, സാങ്കേതിക പരിശീലനം, സംഭരണ സൗകര്യം, ന്യായവില എന്നിവ ഉറപ്പാക്കാൻ കൃഷിവകുപ്പിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും പിന്തുണയും അനിവാര്യമാണ്. മലയാളിയുടെ അടുക്കളയിൽ സ്ഥിരം ആവശ്യക്കാരുള്ള ഈ കാർഷികവിഭവത്തെ കേരളത്തിന്റെ ഒരു പ്രധാന വാണിജ്യവിളയാക്കി മാറ്റാൻ കഴിയണമെന്നും, പറമ്പിന്റെ കോണിൽ ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന കുടംപുളിമരം നാളെ കർഷകന്റെ സ്ഥിരവരുമാനത്തിന്റെ ഉറവിടമായി മാറുമെന്നും ജെയിംസ് മാത്യു ഓർമ്മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates