Anakkara Politics. 
Palakkad

ലീഗ് എതിർത്തു; ആനക്കരയിൽ സിപിഎമ്മിന്റെ അവിശ്വാസം പാസായി, കോൺഗ്രസിന് ഭരണം നഷ്ടമായി

ചർച്ച ബഹിഷ്കരിച്ച് കോൺഗ്രസ്; വിള്ളലുണ്ടാക്കിയത് താൽക്കാലിക നിയമന വിവാദം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: ഭരണമുന്നണിയായ യുഡിഎഫിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് പാലക്കാട് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ പി.എം. അംബികയ്ക്കെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും വിട്ടുനിന്നു. സിപിഎമ്മിന്റെ ഏഴ് അംഗങ്ങളും മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെപിയുടെ ഏക അംഗം ചർച്ചയിൽ പങ്കെടുത്തുവെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കോൺഗ്രസ് പൂർണ്ണമായും വിട്ടുനിൽക്കുകയും ലീഗ് ഒപ്പം നിൽക്കുകയും ചെയ്തതോടെ അവിശ്വാസ പ്രമേയം അനായാസം പാസാകുകയായിരുന്നു.

പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളാണ് പഞ്ചായത്ത് ഭരണം താഴെവീഴുന്നതിലേക്ക് നയിച്ചത്. പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനത്തിൽ ഭരണമുന്നണിയിലെ പ്രബലരായ മുസ്ലിം ലീഗിനെ ഇരുട്ടിൽ നിർത്തി, കോൺഗ്രസും ബിജെപി അംഗവും തമ്മിലുള്ള രഹസ്യ ധാരണയിലൂടെയാണ് നിയമനം നടത്തിയതെന്നാണ് ഉയർന്ന ആരോപണം. മുസ്ലിം ലീഗ് വിട്ടുനിൽക്കുകയും കോൺഗ്രസിന് ബിജെപി അംഗത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് വിവാദ നിയമനം നടപ്പിലായത്. കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതൃത്വം കടുത്ത നിലപാടിലേക്ക് നീങ്ങുകയായിരുന്നു.

ബിജെപിയുടെ സഹായത്തോടെ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അംബിക രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോയതോടെയാണ് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് പരസ്യമായി പിന്തുണച്ചത്.

ആകെ 17 അംഗങ്ങളാണ് ആനക്കര പഞ്ചായത്തിലുള്ളത്. കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേരുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സിപിഎമ്മിന് ഏഴും ബിജെപിക്ക് ഒരു അംഗവുമുണ്ട്. യുഡിഎഫിലെ ഭിന്നത മുതലെടുത്ത് സിപിഎം കൊണ്ടുവന്ന നീക്കത്തിൽ ഘടകകക്ഷിയായ ലീഗ് തന്നെ ഒപ്പം നിന്നതോടെ കോൺഗ്രസിന് ഭരണം കൈവിടേണ്ടിവന്നു. പഞ്ചായത്തിലെ പുതിയ ഭരണസമവാക്യങ്ങൾ വരും ദിവസങ്ങളിൽ പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

In a major political setback for the Congress, the CPM-sponsored no-confidence motion against Anakkara Grama Panchayat President P.M. Ambika was passed with the crucial support of UDF ally Muslim League in Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാട്, ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ​ഗവർണർക്കെതിരെ കെ സി വേണു​ഗോപാൽ

ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത നിറങ്ങളിൽ ഡ്രൈവിങ് ലൈസൻസ്; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം

'30 വര്‍ഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ടു'; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

'ഉപ്പ് തിന്നവർ വെള്ളം കുടിക്കും…, 25 കോടിയുടെ അഴിമതിയെന്നു കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ!'