പാലക്കാട്: പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെടിപൊട്ടിയ സംഭവത്തിൽ വിദ്യാർഥി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടുകാരെ കാണിക്കുന്നതിനായി വീട്ടിൽ നിന്ന് കൊണ്ടുവന്ന ലൈസൻസില്ലാത്ത നാടൻ തോക്കിൽ നിന്ന് അബദ്ധത്തിൽ കാഞ്ചി വലിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തതെന്നും ബാക്കി തിരകൾ തോക്കിൽ തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് കുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്ഐ സത്യജിത്ത് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത ശേഷം വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
സമഗ്ര അന്വേഷണം വേണമെന്ന് എസ്എസ്എഫ്
അതേസമയം, പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റ് പരിക്കേറ്റ സംഭവം അതീവ ഗൗരവത്തോടെ കാണണമെന്ന് എസ്എസ്എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പരിക്കേറ്റ വിദ്യാർഥിക്ക് മികച്ച ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കണം. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്നും വിദ്യാലയങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുട്ടികളെ കുറ്റവാളികളായി മുദ്രകുത്തുന്നതിന് പകരം ആവശ്യമായ മാനസിക പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകണം. വിദ്യാർഥികളിലെ അക്രമപ്രവണതകൾ തടയാൻ കുടുംബ-വിദ്യാലയ-സാമൂഹിക തലങ്ങളിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates