ചാലക്കുടി: ചാലക്കുടിയിലെ കോട്ടാറ്റ് പാടശേഖരത്തെ കർഷകർ നീലക്കോഴികളുടെ ശല്യത്തിൽ പൊറുതിമുട്ടുന്നു. വിത്ത് പാകി മുളച്ചതോടെ കൂട്ടത്തോടെയെത്തുന്ന നീലക്കോഴികൾ നെൽച്ചെടികൾ വ്യാപകമായി നശിപ്പിച്ചുതുടങ്ങി. കൂട്ടമായെത്തുന്ന ഇവ മുളച്ച നെൽച്ചെടികൾ കടയോടെ പിഴുതെടുത്ത് കൂമ്പിലെ നീര് കുടിക്കുകയാണ് ചെയ്യുന്നത്. പൊൻമണി വിത്താണ് ഇത്തവണ മുളപ്പിച്ചെടുത്തത്. ഇതിൽ ഭൂരിഭാഗവും നീലക്കോഴിക്കൂട്ടം നശിപ്പിച്ചു കഴിഞ്ഞു. മുളച്ചവ പറിച്ച് നടാനായി 30 ദിവസത്തോളം വേണം. എന്നാൽ 20 ദിവസം കഴിഞ്ഞവയാണ് ഇപ്പോൾ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.
പകൽ സമയങ്ങളിൽ തൊഴിലാളികളെ നിർത്തി ഇവയെ വിരട്ടിയോടിക്കുന്നുണ്ടെങ്കിലും സന്ധ്യാസമയങ്ങളിൽ ഇവയുടെ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. നൂറ്റിയമ്പതിൽപരം ഏക്കർ സ്ഥലത്ത് നെൽക്കൃഷിയിറക്കാനൊരുങ്ങുന്ന അറുപതോളം വരുന്ന കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. പല പാടങ്ങളിലും ഞാറ് നടീൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടേയും നീലക്കോഴികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നുണ്ട്.
വർഷങ്ങളായി കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് നീലക്കോഴികളുടെ ശല്യം. ചാലക്കുടിയിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ കോട്ടാറ്റ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാലങ്ങളായി കൃഷി ചെയ്തുവരുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ പാടശേഖരത്തിൽ നിന്നും ഓട്ടുകമ്പനികൾക്കായി കളിമണ്ണെടുത്ത വലിയ കുഴികളാണ് നീലക്കോഴികളുടെ പ്രധാന താവളം. ഞാറ് നടുന്നത് മുതൽ ഇവയുടെ ശല്യം ആരംഭിക്കും. കതിരിടുന്നതോടെ ശല്യം പതിന്മടങ്ങാകും. ഇവയുടെ ശല്യത്തെ തുടർന്ന് മുൻകാലങ്ങളിൽ പല കർഷകരും കൃഷിയിൽ നിന്നും പിൻവാങ്ങിയിട്ടുമുണ്ട്.
കർഷകരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ വർഷം പാടശേഖരത്തെ വലിയ കുഴികളെല്ലാം വൃത്തിയാക്കിയിരുന്നു. ഇതോടെ നീലക്കോഴികളുടെ ശല്യത്തിന് ചെറിയ ശമനമുണ്ടായെങ്കിലും, കുഴികൾക്ക് ചുറ്റും വീണ്ടും പൊന്തക്കാടുകൾ രൂപപ്പെട്ടതോടെ നീലക്കോഴിക്കൂട്ടം ഇവിടെ വീണ്ടും തമ്പടിക്കുകയായിരുന്നു. ഞാറ് നശിപ്പിക്കുന്നതിനെ തുടർന്ന് പല കർഷകർക്കും രണ്ടും മൂന്നും തവണ വീണ്ടും ഞാറ് നടേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.