തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ പരീക്ഷാഫലം അധികൃതർ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെത്തുടർന്ന് തൃശൂർ മണ്ണുത്തിയിലെ കേരള വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥി സംഘടനകളും സ്റ്റുഡന്റ്സ് യൂണിയനും ചേർന്ന് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്.
ഫീസ് കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കാതെ വിദ്യാർഥികളെ അടുത്ത ഘട്ടമായ രണ്ടാം വർഷ കോഴ്സ് രജിസ്ട്രേഷന് അനുവദിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല ഭരണവിഭാഗം. എന്നാൽ, 2025 ബാച്ചിലെ അനിയന്ത്രിതമായ ഫീസ് വർദ്ധനവിനെതിരെ വിദ്യാർഥികൾ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതാണ്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന തരത്തിൽ റിസൾട്ട് തടഞ്ഞുവെച്ച് സർവകലാശാല ഏകപക്ഷീയമായി പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് ആരോപണം
നേരത്തെ 2,000 രൂപ മാത്രമായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് പന്ത്രണ്ട് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 24,000 രൂപയാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ കുടിശ്ശികയായ 12,000 രൂപ പൂർണ്ണമായി അടച്ചാൽ മാത്രമേ പരീക്ഷാഫലം പ്രസിദ്ധീകരിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിന് പുറമെ അടുത്ത വർഷത്തെ ഫീസായ 24,000 രൂപ കൂടി ഉടനടി അടയ്ക്കണമെന്നും സർവകലാശാല ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് മേൽ അടിച്ചേൽപ്പിച്ച ഭീമമായ ഈ ഫീസ് വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നും തടഞ്ഞുവെച്ച പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates