തൃശൂർ: അരനൂറ്റാണ്ടിലേറെ മലയാളിയുടെ കാതുകളിൽ തേന്മഴ പെയ്യിച്ച തങ്ങളുടെ സംഗീതജീവിതത്തിലെ അവിസ്മരണീയമായ ഏടുകൾ പങ്കുവെച്ച് സംഗീത സംവിധായകൻ മോഹൻ സിത്താരയും പിന്നണി ഗായകരായ കൃഷ്ണചന്ദ്രനും ലതികയും. കണ്ടാണശേരി 'മാക്' കൂട്ടായ്മയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വെള്ളിച്ചില്ലും വിതറി' സംഗീതസംഗമത്തിലാണ് മൂവരും തങ്ങളുടെ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചത്.
ചെറുപ്പത്തിൽ കൃഷ്ണചന്ദ്രൻ പാടി അഭിനയിച്ച 'കാലം കുഞ്ഞൂ മനസിൽ ചായം പൂശി' എന്ന നിത്യഹരിത ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വേദിയിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി. സംഗീതയാത്രയുടെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച കൃഷ്ണചന്ദ്രന് കരഘോഷത്തോടെയാണ് സംഗീതപ്രേമികൾ പിന്തുണയേകിയത്.
തന്റെ അരങ്ങേറ്റ ചിത്രമായ 'ഒന്നു മുതൽ പൂജ്യം വരെ'യിലെ പ്രശസ്തമായ 'രാരീ രാരീരാരോ' എന്ന താരാട്ടുപാട്ടിന്റെ ജനനത്തിന് പിന്നിലെ കൗതുകമുണർത്തുന്ന പിന്നാമ്പുറക്കഥകൾ മോഹൻ സിത്താര വിവരിച്ചത് സദസ്സിന് വേറിട്ട അനുഭവമായി മാറി. മോഹൻലാൽ നായകനായ 'ചിത്രം' എന്ന എവർഗ്രീൻ ചിത്രത്തിലെ നിർണ്ണായക രംഗങ്ങൾക്ക് ജീവൻ പകർന്ന തന്റെ ഹിറ്റ് ഹമ്മിങ് അതേ ഭാവതീവ്രതയോടെ ലതിക വേദിയിൽ വീണ്ടും മൂളിപ്പാടിയപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് കയ്യടിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സംഗീതത്തിന്റെ വശ്യത മാഞ്ഞുപോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ നിമിഷം.
സംഗീതസംഗമം സി. രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കീബോർഡ് വിദഗ്ദ്ധൻ സദാനന്ദൻ കെ. ശങ്കറിന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ 25,000 രൂപയുടെ പ്രഥമ മാക് സംഗീത പുരസ്കാരം കൃഷ്ണചന്ദ്രന് ചടങ്ങിൽ സമ്മാനിച്ചു. സംഗീത സംവിധായകൻ മോഹൻ സിത്താരയെയും ഗായിക ലതികയെയും മുൻ എംപി ടി.എൻ. പ്രതാപനും മുൻ എംഎൽഎ കെ.വി. അബ്ദുൾഖാദറും ചേർന്ന് ആദരിച്ചു. കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ് അധ്യക്ഷത വഹിച്ചു. നടി വനിത കൃഷ്ണചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. 'അർജുന ഗീതം' സംസ്ഥാനതല മത്സര വിജയികൾക്ക് നടൻ ശിവാജി ഗുരുവായൂർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
മാക് പ്രസിഡന്റ് ഹരിദാസ് നാരായണൻ, കോർഡിനേറ്റർ ജവഹർ വെട്ടത്ത്, സെക്രട്ടറി കല്ലൂർ ഉണ്ണികൃഷ്ണൻ, ട്രഷറർ സത്യാനന്ദൻ, സുരേഷ് ബ്രഹ്മ, ഓമനക്കുട്ടൻ, ബാലൻ വാറണാട്ട്, ശോഭ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് ശേഷം പിന്നണി ഗായകരായ കലാഭവൻ സാബുവും എടപ്പാൾ വിശ്വനാഥും നയിച്ച ഗാനമേളയും അരങ്ങേറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates