Pudukad Police Jeep Accident 
Thrissur

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

ദൃശ്യങ്ങൾ പുറത്തുവിട്ടു; പുതുക്കാട് എസ്ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഡിജിപിക്ക് പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: പുതുക്കാടിനടുത്ത് ആമ്പല്ലൂരിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം അവിചാരിതമായ ഒരു റോഡപകടമല്ലെന്നും, ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്നും കുടുംബത്തിന്റെ പരാതി. അപകടം സൃഷ്ടിച്ച ശേഷം പരിക്കേറ്റ വിദ്യാർഥികളെ തിരിഞ്ഞുനോക്കാതെ റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റവരുടെ മാതാവ് രംഗത്തെത്തി. സംഭവത്തിന്റെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു.

പുതുക്കാട് കല്ലൂർ സ്വദേശിയായ പ്രസന്ന ഷാജുവാണ് നീതി ആവശ്യപ്പെട്ട് അഡീഷണൽ ഡിജിപിക്ക് പരാതി നൽകിയത്. പ്രസന്നയുടെ ആൺമക്കളായ അഭിഷേക്, അമൽ, ഇവരുടെ സുഹൃത്ത് വിഷ്ണു എന്നിവർ സഞ്ചരിച്ച മോട്ടോർ സൈക്കിളിലേക്കാണ് പൊലീസ് ജീപ്പ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേക് ആശുപത്രിയിൽ ചികിത്സയിലാണ്. അമലും വിഷ്ണുവും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മകന്റെ മൊബൈൽ ഫോണിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോ ദൃശ്യങ്ങളിൽ പൊലീസ് ജീപ്പ് പിന്നിൽനിന്ന് പിന്തുടർന്ന് മനഃപൂർവം ബൈക്കിലേക്ക് ഇടിച്ചുകയറ്റുന്നത് വ്യക്തമായി കാണാമെന്ന് മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂലൈ 19-നാണ് വിവാദമായ കേസിനാസ്പദമായ സംഭവം നടന്നത്. ആമ്പല്ലൂരിലെ റോഡരികിലുള്ള തട്ടുകടയിൽ തർക്കവും സംഘർഷവും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും സംഘർഷത്തിൽ ഉൾപ്പെട്ടവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് സംശയകരമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച യുവാക്കളെ കണ്ട ഉദ്യോഗസ്ഥർ ജീപ്പിൽ ഇവരെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ചേസിങ്ങിനിടെ പൊലീസ് വാഹനം ബൈക്കിൽ ശക്തമായി ഇടിക്കുകയും മൂവരും തെറിച്ചുവീഴുകയുമായിരുന്നു.

അപകടം നടന്നയുടൻ പരിക്കേറ്റ യുവാക്കൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ ഇവരെ വഴിയിൽ ഉപേക്ഷിച്ച് പൊലീസ് സംഘം കടന്നുകളഞ്ഞുവെന്ന ആരോപണം നേരത്തെ വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ വെറുതെ സസ്പെൻഡ് ചെയ്താൽ പോരെന്നും, ബോധപൂർവം അപായപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം എഡിജിപിയെ സമീപിച്ചിരിക്കുന്നത്.

A major controversy has erupted in Thrissur following allegations that a police jeep intentionally rammed a motorcycle carrying three students in Amballur near Pudukad, rather than it being a regular road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

52 കരക്കാരുടെ കാത്തിരിപ്പ്, പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍; ആവേശമായി ഓച്ചിറ കെട്ടുത്സവം ഇന്ന്, പ്രാദേശിക അവധി

സ്വപ്‌നില്‍ അസ്‌നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍; രോഹൻ പ്രേം ചീഫ് സെലക്ടർ

'ബ്രസീലിലെ ചൂരമീനില്‍ വിരകള്‍'; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

'അവന്‍ ഇനി വരില്ല', മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ