തൃശൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ തിരുവില്വാമല പാമ്പാടിയിലെ തച്ചോത്തുകുന്നിൽ നടക്കുന്ന മണ്ണെടുപ്പിൽ ഗ്രാമം ആശങ്കയിൽ. പ്രദേശത്ത് ജനകീയ സമരങ്ങൾക്ക് അരങ്ങൊരുങ്ങുകയാണ്. ജിയോളജി വിഭാഗത്തിന്റെ അനുമതിയുടെ മറവിലാണ് അഞ്ചേക്കർ വരുന്ന സ്വകാര്യ സ്ഥലത്ത് മണ്ണെടുപ്പ് നടക്കുന്നത്. ഇരുപത് ഡിഗ്രി ചെരിവുള്ള സ്ഥലത്തുപോലും ഖനനത്തിന് അനുമതി ലഭിക്കില്ലെന്നിരിക്കെ, നാൽപ്പത് ഡിഗ്രിയോളം ചെരിവുള്ള കുന്നിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നത്.
മണ്ണെടുക്കുന്നതിന്റെ പത്ത് മീറ്റർ മാത്രം ദൂരത്ത് ജലനിധിയുടെ പന്തീരായിരം ലിറ്റർ ജലസംഭരണിയും ആൾത്താമസമുള്ള വീടുകളുമുണ്ട്. പാമ്പാടി 144-ാം നമ്പർ അങ്കണവാടിക്ക് അമ്പത് മീറ്ററിൽ താഴെയാണ് മണ്ണെടുപ്പ് നടക്കുന്നത്. കൂടാതെ വില്ല്വാദ്രിനാഥക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന രാമൻചിറയും പ്രദേശത്തിന് സമീപത്തായാണുള്ളത്. തിരുവില്വാമല പഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ മൺകൊള്ള നടക്കുന്നത്. ഒന്നര ഏക്കർ സ്ഥലത്ത് 24,557 മെട്രിക് ടൺ മണ്ണെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങളെ തുടർന്ന് താൽക്കാലികമായി മണ്ണെടുപ്പ് നിർത്തിവെച്ചിട്ടുണ്ടെങ്കിലും ടോറസ് ലോറികളുടെ സാന്നിധ്യം തുടരുന്നത് നാട്ടുകാരിൽ ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശം പരിസ്ഥിതി ആഘാത സാധ്യതയുള്ള മേഖലയാണെന്നും നിലവിലെ മണ്ണെടുപ്പ് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതാണെന്നും സംഘം വിലയിരുത്തി. ഡോ. വിദ്യാസാഗർ, ജിയോളജിസ്റ്റ് ഡോ. ശ്രീകുമാർ, പരിസ്ഥിതി പ്രവർത്തകരായ മുകുന്ദൻ, അച്യുതപ്രസാദ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. മണ്ണെടുപ്പിന് അനുമതി നൽകിയ സർക്കാർ സംവിധാനങ്ങൾ കാര്യമായ പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates