Hospital Management 
Thrissur

അമല-ജൂബിലി മെഡിക്കൽ കോളജ് സമരം: ശമ്പളവർധനയില്ല; രാപ്പകൽ സമരവുമായി യുഎൻഎ

മൂന്ന് മാസമായി ജോലിക്ക് വരാത്തവർക്ക് പകരം നിയമനം തുടങ്ങി; സമരം അവസാനിപ്പിച്ചു വരുന്നവരെ ഒഴിവുകൾക്കനുസരിച്ച് മാത്രമേ തിരിച്ചെടുക്കൂ എന്ന് അധികൃതർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജുകളായ അമല, ജൂബിലി മിഷൻ എന്നിവിടങ്ങളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തിവരുന്ന സമരത്തെ പൂർണ്ണമായി തള്ളി മാനേജ്‌മെന്റുകൾ. ശമ്പളവർദ്ധനവിന് അമല മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് തയ്യാറായെന്നും അവിടെ സമരം അവസാനിച്ചെന്നുമുള്ള രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്ന് അമല മാനേജ്‌മെന്റ് വ്യക്തമാക്കി.

നഴ്സുമാരുടെ ശമ്പളകാര്യത്തിൽ സർക്കാർ നിശ്ചയിക്കുന്ന പൊതുവായ മാനദണ്ഡങ്ങൾ മാത്രമേ പാലിക്കുകയുള്ളൂവെന്ന തങ്ങളുടെ മുൻ നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് ഇരു മെഡിക്കൽ കോളജ് അധികൃതരും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, മാനേജ്‌മെന്റ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അമല മെഡിക്കൽ കോളജിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് യുഎൻഎ നേതൃത്വം പ്രഖ്യാപിച്ചു.

പകരം ആളുകളെ നിയമിച്ചു തുടങ്ങി; എല്ലാവരെയും തിരിച്ചെടുക്കാനാകില്ല

സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾ. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പുതിയ ക്രമീകരണങ്ങൾ തുടങ്ങിയതായും അവർ വിശദീകരിച്ചു.നിലവിൽ സമരം ചെയ്യുന്ന നഴ്സുമാർ കഴിഞ്ഞ മൂന്നുമാസമായി കൃത്യമായി സേവനത്തിനെത്താത്ത സാഹചര്യമാണ്. ആശുപത്രി പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇവർക്ക് പകരമായി പുതിയ ആളുകളെ മാനേജ്‌മെന്റ് നിയമിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ സമരം അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായി വരുന്ന ജീവനക്കാരെ പെട്ടെന്ന് തിരിച്ചെടുക്കാൻ സാധിക്കില്ല. ആശുപത്രിയിലെ നിലവിലുള്ള ഒഴിവുകൾ അനുസരിച്ച് മാത്രമേ ഇവർക്ക് പുനർനിയമനം നൽകുകയുള്ളൂ. സമരരംഗത്തുള്ള എല്ലാവരെയും ഒന്നിച്ച് ഉൾക്കൊള്ളാനുള്ള സാഹചര്യം ഇപ്പോൾ ആശുപത്രികളിൽ ഇല്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വാർത്തകൾ തെറ്റിദ്ധാരണാജനകം; വേതനം വർദ്ധിപ്പിച്ചത് ഏപ്രിലിൽ

ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ, കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് വേതനം വർദ്ധിപ്പിച്ചു നൽകിയിരുന്ന കാര്യമാണ് മാനേജ്‌മെന്റ് ചൂണ്ടിക്കാണിച്ചത്. എന്നാൽ ഈ വിവരത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ്, അമല മാനേജ്‌മെന്റ് പുതിയ ശമ്പളവർദ്ധനവിന് സമ്മതിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്നും അവർ കുറ്റപ്പെടുത്തി.വാർത്താ സമ്മേളനത്തിൽ ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ, സി.ഇ.ഒ ബെന്നി ജോസഫ്, എച്ച്.ആർ മേധാവി ജോഷി പോൾ, അമല ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ഡെൽജോ, സി.ഇ.ഒ സൈജു സി. എടക്കളത്തൂർ എന്നിവർ പങ്കെടുത്തു.

The managements of Amala and Jubilee Mission medical colleges in Thrissur have flatly rejected the ongoing nurses' strike led by the United Nurses Association (UNA), dismissing reports that Amala management had agreed to a fresh salary hike.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

'100' ശതമാനവും പിന്‍വലിക്കാം, ജീവനക്കാര്‍ 'ഹാപ്പി'; ഇപിഎഫ് 2026 വിശദമായി അറിയാം

ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

'ഞാന്‍ കരയുന്നത് സാറിന് ഇഷ്ടമല്ല'; ആ ചോദ്യങ്ങള്‍ ക്രൂരം; ഭാഗ്യരാജിനെ അവസാനമായി കാണാന്‍ പോകാതിരുന്നത് എന്തുകൊണ്ട്? വിതുമ്പി ഉര്‍വശി