ചിങ്ങവെയിൽ മങ്ങിത്തുടങ്ങുമ്പോൾ നാടൊട്ടുക്കും ഓണക്കോടികൾ മടക്കിവെക്കും; എന്നാൽ തൃശൂരിന്റെ തീരദേശ ഗ്രാമങ്ങളിൽ അപ്പോഴും നിലയ്ക്കാത്തൊരു തുടിപ്പുണ്ടാകും. ചിങ്ങത്തിലെ തിരുവോണം മാലോകർ ആഘോഷിച്ചു മടങ്ങുമ്പോൾ, കന്നിമാസത്തിലെ തിരുവോണനാളിൽ ചെമ്മാപ്പിള്ളിയുടെ പുഞ്ചപ്പാടങ്ങളിൽ മറ്റൊരു തിരുവോണം പിറക്കുകയാണ്—തേവരോണം, അല്ലെങ്കിൽ മണ്ണും വെള്ളവും ഭക്തിയും ഇഴചേരുന്ന ചിറകെട്ടോണം.ഇതൊരു കേവല ഉത്സവമല്ല; ത്രേതായുഗത്തിലെ രാമസേതു നിർമ്മാണത്തിന്റെ ഓർമ്മകളെ കാലത്തിന്റെ കയ്യൊപ്പുകൊണ്ട് ഇന്നിന്റെ മണ്ണിലേക്ക് ചേർത്തുവെക്കുന്ന ജീവസ്സുറ്റൊരു പുനരാവിഷ്കാരമാണ്.
സീതാദേവിയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനും വാനരപ്പടയും രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് ചിറകെട്ടിയതിന്റെ ഓർമ്മ പുതുക്കലാണ് ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിലെ പ്രധാന ചടങ്ങ്. കന്നിയിലെ തിരുവോണ നാളിൽ നടക്കുന്ന ചിറകെട്ടിന് മേൽനോട്ടം വഹിക്കാൻ തൃപ്രയാർ തേവർ നേരിട്ടെത്തുമെന്നാണ് വിശ്വാസം.
ആറാട്ടുപുഴ പൂരത്തിനും ചിറകെട്ടോണത്തിനും മാത്രമാണ് തൃപ്രയാർ ക്ഷേത്രനട ചടങ്ങുകളെല്ലാം തീർത്ത് പതിവിലും നേരത്തേ കൊട്ടിയടയ്ക്കാറുള്ളത്. ആ രാത്രിയിൽ വിഷ്ണുമായയും ഹനുമാനുമടങ്ങുന്ന കാവൽക്കാർ ക്ഷേത്രത്തിന് കാവലൊരുക്കുമ്പോൾ, തേവർ ഭക്തർക്കായി പണിതീർക്കുന്ന ചിറ കാണാൻ ചെമ്മാപ്പിള്ളിയിലേക്ക് തിരിക്കും. ക്ഷേത്രക്കടവിലെ മീനൂട്ട് കടവിൽ അസാധാരണമായ തിരയിളക്കങ്ങൾ തീർത്ത് ഭഗവാൻ മുതലപ്പുറത്തേറി ചിറയിലേക്ക് നീങ്ങുന്നുവെന്നാണ് തലമുറകളായി പകർന്നുപോന്ന കാവ്യസങ്കല്പം.
ചിറകെട്ടിന്റെ വിളംബരമായി തലേനാൾ നാട്ടിടവഴികളിൽ കുമ്മാട്ടികൾ ചുവടുവെച്ചെത്തും. പിറ്റേന്ന് പുലർച്ചെ തൃപ്രയാർ നടതുറപ്പും വാനിലുയരുന്ന നിയമവെടിയും മുഴങ്ങുന്നതോടെ ചിറകെട്ടോണത്തിന് തിരിതെളിയുന്നു. ഓണനാളുകളിലെ തൃക്കാക്കരയപ്പൻ ഇവിടെയും അവിഭാജ്യമാണ്. തൃക്കാക്കരയപ്പനെ ആചാരപൂർവ്വം എഴുന്നള്ളിച്ച് ശ്രീരാമൻചിറയിൽ ഇരുത്തുന്നതോടെയാണ് താന്ന്യം പഞ്ചായത്തിലെ 900 പറ വരുന്ന പാടശേഖരത്തിൽ പുണ്യകർമ്മങ്ങൾ തുടങ്ങുന്നത്.ചിറകെട്ടി പൂർത്തിയാക്കി അതിന്മേൽ വെള്ളയും കരിമ്പടവും വിരിച്ച്, താംബൂലവും നിലവിളക്കും വെച്ച് തൊഴുതുവണങ്ങുമ്പോൾ ആകാശത്തുനിന്ന് മഴയുടെ അനുഗ്രഹവുമുണ്ടാകും. ചിറകെട്ടുന്ന നാളിൽ പെയ്യുന്ന മഴയിൽ ചിറ നിറഞ്ഞു കവിയുമെന്നത് നാട്ടുനന്മയുടെ അനുഭവസാക്ഷ്യമാണ്.
കടലിൽ ചിറകെട്ടുമ്പോൾ സ്വന്തം കുഞ്ഞുശരീരത്തിലെ മണൽത്തരികൾ കൊണ്ട് സേതു നിർമ്മാണത്തിൽ പങ്കാളിയായ അണ്ണാറക്കണ്ണന്റെ കഥ ഇവിടെ വെറും പുരാണമല്ല, അനുഭവമാണ്. ചിറകെട്ടുമഹോത്സവത്തിന് എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ഉള്ളംകൈയിലെ ഒരുപിടി മണ്ണ് ഭക്തിപൂർവ്വം ചിറയിലേക്ക് സമർപ്പിക്കുന്നു. ഇങ്ങനെ മണ്ണർപ്പിക്കുന്നവർക്ക് തൃപ്രയാർ ദേവസ്വം നൽകുന്ന ദക്ഷിണയുമുണ്ട്. ഒരുകാലത്ത് ഒരുപിടി നെല്ലായിരുന്ന ദക്ഷിണ, ഇന്ന് നാണയത്തുട്ടുകളായി ഭക്തരുടെ കൈകളിലേക്ക് പകരുന്നു.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഇവിടെ വിതരണം ചെയ്യുന്ന പ്രസാദക്കഞ്ഞിക്ക് പേര് 'ശബരീ സൽക്കാരം' എന്നാണ്. കാത്തിരിപ്പിന്റെയും ആതിഥ്യത്തിന്റെയും അമൃതസ്പർശം നിറഞ്ഞ ശബരിയുടെ സ്നേഹക്കൂട്ടാണ് ആ കഞ്ഞിപ്പകർപ്പിലൂടെ ഓരോ മനുഷ്യരിലേക്കും പകരുന്നത്.
ആചാരങ്ങളുടെ വശ്യതയ്ക്കപ്പുറം, പ്രകൃതിയെയും ജലത്തെയും തൊട്ടറിഞ്ഞ പൂർവികരുടെ ഉജ്ജ്വലമായ പാരിസ്ഥിതിക ബോധം കൂടിയാണ് ശ്രീരാമൻചിറ. കന്നിമാസത്തിൽ ഒരുക്കുന്ന ഈ ചിറ, തുലാമാസത്തിൽ കോരിച്ചൊരിയുന്ന മഴവെള്ളത്തെ മുഴുവൻ പാടശേഖരങ്ങളിൽ തടഞ്ഞുനിർത്തി തണ്ണീർത്തടമാക്കുന്നു. വരൾച്ചയുടെ നാളുകളിൽ ഒരുകാലത്ത് പ്രദേശത്തിന്റെയാകെ ദാഹമകറ്റിയിരുന്നത് ഇങ്ങനെ കെട്ടിനിർത്തിയ അമൃതജലമായിരുന്നു.
ഇടക്കാലത്ത് നിലച്ചുപോയെങ്കിലും 2013 മുതൽ നാടിന്റെ ഹൃദയത്തുടിപ്പായി പുനർജനിച്ച ഈ ചിറകെട്ടുത്സവം, ഭക്തിക്കപ്പുറം നാടിനെയും പ്രകൃതിയെയും ഒന്നാകെ തുന്നിച്ചേർക്കുന്ന അപൂർവ്വമായൊരു സാംസ്കാരിക വിസ്മയമായി ഇന്നും ഒഴുകിപ്പരക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates