Vadakkumnathan Temple Koothambalam 
Thrissur

പെരുന്തച്ചന്റെ വിസ്മയ ശിൽപം ചോർന്നൊലിക്കുന്നു; വടക്കുന്നാഥനിലെ കൂത്തമ്പലം അവഗണനയിൽ

മഴ പെയ്താൽ രംഗവേദിയിൽ കുടപിടിക്കേണ്ട ഗതികേട്. മേൽക്കൂരയിലും മരപ്പണികളിലും ചിതൽക്കയറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: പൈതൃക പെരുമയുടെയും തച്ചുശാസ്ത്ര വിസ്മയത്തിന്റെയും പ്രതീകമായ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കൂത്തമ്പലം കടുത്ത അവഗണനയിൽ നശിക്കുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും ചിതലരിച്ചു തുടങ്ങിയ അമൂല്യമായ മരപ്പണികളും കൂത്തമ്പലത്തിന്റെ ശിൽപഭംഗിയെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുകയാണ്. കേന്ദ്ര പുരാവസ്തു വകുപ്പിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയെങ്കിലും ആവശ്യത്തിന് ഫണ്ടില്ലെന്ന സ്ഥിരം മറുപടിയിൽ കൈമലർത്തുകയാണ് അധികൃതർ.

പാരമ്പര്യമായി നങ്യാർകൂത്തും കൂടിയാട്ടവും അരങ്ങേറുന്ന വേദിയിൽ മഴക്കാലത്ത് കുടപിടിക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. കൂത്തമ്പലത്തിന്റെ ജീർണ്ണാവസ്ഥ ചാക്യാർമാർ പോലും തങ്ങളുടെ ഫലിതോക്തികളിലൂടെ പരസ്യമായി പരിഹസിച്ചിട്ടും ഭരണച്ചുമതലയുള്ള കൊച്ചിൻ ദേവസ്വം ബോർഡും പുരാവസ്തു വകുപ്പും തികഞ്ഞ നിസ്സംഗത തുടരുകയാണ്.

Vadakkumnathan Koothambalam Leakage

അരങ്ങുണരുന്ന 53 നാളുകൾ

അമ്മന്നൂർ കുടുംബത്തിനാണ് വടക്കുന്നാഥനിലെ കൂത്തമ്പലത്തിൽ കൂത്ത് അവതരിപ്പിക്കാനുള്ള പാരമ്പര്യ അവകാശം. ശ്രീകൃഷ്ണ ജന്മാഷ്ടമി നാളിൽ ആരംഭിക്കുന്ന നങ്യാർകൂത്ത് തുടർച്ചയായി അഞ്ച് ദിവസം നീണ്ടുനിൽക്കും. പിന്നെ 41 ദിവസം കൂത്ത്. അതിനുശേഷം ഏഴു ദിവസം കൂടിയാട്ടവും അരങ്ങേറുന്നു. ആകെ 53 ദിവസമാണ് ആചാരപരമായി ഈ കൂത്തമ്പലം ഭക്തിയുടെയും കലയുടെയും സാന്നിധ്യത്തിൽ ഉണർന്നിരിക്കുന്നത്. എന്നാൽ മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന വെള്ളം രംഗമണ്ഡപത്തിലേക്ക് വീഴുന്നത് കലാകാരന്മാരെയും ആസ്വാദകരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

പെരുന്തച്ചന്റെ വിസ്മയക്കണക്കും വെള്ളിനേഴിയുടെ പുനർനിർമ്മിതിയും

ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാക്ഷാൽ പെരുന്തച്ചന്റെ കൈക്കണക്കിലാണ് വടക്കുന്നാഥനിലെ കൂത്തമ്പലം ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ടത് എന്നാണ് ചരിത്രം. കിഴക്കേ നടയിൽ കേരളീയ വാസ്തുശൈലിയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന ഈ രംഗവേദിയുടെ നിർമ്മാണത്തിൽ പെരുന്തച്ചൻ ഉപയോഗിച്ച വാസ്തുവിദ്യ അസാധാരണമായിരുന്നു. കൂത്തമ്പലത്തിനുള്ളിൽ ഏതു ഭാഗത്ത് നിലവിളക്ക് കൊളുത്തി വെച്ചാലും, കൂറ്റൻ തൂണുകൾ പലതുണ്ടെങ്കിലും, പ്രധാന രംഗവേദിയിൽ ഒരു നിഴൽ പോലും വീഴില്ലെന്നതായിരുന്നു ആ അത്ഭുത രഹസ്യം.

Vadakkumnathan Temple Koothambalam

കാലപ്പഴക്കത്താൽ ഈ കൂത്തമ്പലം ജീർണ്ണിച്ചപ്പോൾ, അതിന്റെ അസാധ്യമായ കണക്കുകൾ കണ്ട് ഭയന്ന് പുനർനിർമ്മിക്കാൻ മറ്റാരും മുന്നോട്ടുവന്നില്ല. ഒടുവിൽ കൊച്ചി ദിവാനായിരുന്ന ടി. ശങ്കുണ്ണി മേനോന്റെ നിർദ്ദേശപ്രകാരം തൃശൂർ ചേലക്കര വെങ്ങാനല്ലൂരിലെ തച്ചുശാസ്ത്ര വിദഗ്ദ്ധൻ വെള്ളിനേഴി നമ്പൂതിരിപ്പാടാണ് പെരുന്തച്ചന്റെ കൂത്തമ്പലം പൊളിച്ചുപണിയാൻ തയ്യാറായത്.

വടക്കുന്നാഥ ക്ഷേത്രത്തിൽ ഭജനമിരുന്ന്, നടയടയ്ക്കുമ്പോൾ കൂത്തമ്പലത്തിന്റെ തറയിൽ തോർത്തുവിരിച്ച് കിടന്ന് 41 ദിവസം കൊണ്ടാണ് അദ്ദേഹം നിർമ്മാണത്തിലെ വാസ്തുരഹസ്യങ്ങൾ മനസ്സിലാക്കിയത്. തുടർന്ന് മനക്കണക്കുകളുടെ ബലത്തിൽ വെള്ളിനേഴി നമ്പൂതിരിപ്പാട് പുനർനിർമ്മിച്ച കൂത്തമ്പലമാണ് ഇന്ന് കാണുന്നത്. എന്നാൽ പെരുന്തച്ചന്റെ മുഴുവൻ കണക്കുകളും പുനഃസൃഷ്ടിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. എവിടെ വിളക്ക് വെച്ചാലും നിഴൽ വീഴാതിരുന്ന പഴയ വേദിക്ക് പകരം പുതിയ കൂത്തമ്പലത്തിൽ ഒരു നിഴൽ മാത്രം വേദിയിൽ പതിക്കുന്നു എന്ന അത്ഭുതം ഇന്നും ചരിത്രകാരന്മാരെ വിസ്മയിപ്പിക്കുന്നു.

തകർച്ചയിലേക്ക് നീങ്ങുന്ന പൈതൃകം

ആദിശങ്കരന്റെ ജന്മവുമായി അഭേദ്യമായ ബന്ധമുള്ള, 1300 വർഷത്തിലധികം പഴക്കം കൽപ്പിക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ ഈ അമൂല്യ വാസ്തുവിസ്മയമാണ് ഇപ്പോൾ ഭരണാധികാരികളുടെ അനാസ്ഥ കാരണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. തടിയുടെ കഴുക്കോലുകളിലും പാനലുകളിലും ഈർപ്പം തങ്ങിനിന്ന് ചിതലരിച്ചതോടെ ഏത് നിമിഷവും മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീഴാമെന്ന സ്ഥിതിയാണ്. ചരിത്രവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ചോർച്ച തടയാനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും തയ്യാറായില്ലെങ്കിൽ കേരളത്തിന് നഷ്ടമാകുന്നത് വാസ്തുശാസ്ത്രത്തിന്റെ സമാനതകളില്ലാത്ത ഒരു മഹാവിസ്മയമായിരിക്കും.

The historic and architecturally peerless Koothambalam of the famous Sree Vadakkumnathan Temple in Thrissur, steeped in legendary architectural heritage, is facing severe deterioration due to roof leakage and administrative apathy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

ഇതരമത ചിഹ്നങള്‍ ധരിച്ച് എത്തരുത്; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഒറ്റ കളി, '350 റൺസ്'! 39 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ഇഷാൻ കിഷൻ

ആരോഗ്യ നിരീക്ഷണത്തിൽ വിപ്ലവം കുറിച്ച് 'ആപ്പിൾ വാച്ച് സിരീസ് 12' എത്തി; വിസ്മയമായി ഹെൽത്ത് സെൻസിംഗും ഓഡിയോ ഇന്റലിജൻസും