പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക് ai image
Wayanad

'ടിക്കറ്റില്ല... തേങ്ങയുണ്ട്'; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്

ആ ബസ് യാത്രയില്‍ രാഷ്ട്രീയം മുതല്‍ അടുക്കള വരെ സംസാരവിഷയമാകും

Author : ലക്ഷ്മി ആതിര

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍നിന്ന് വരുന്ന പ്രിയദര്‍ശിനി ബസില്‍ കൂട്ടത്തോടെ സ്ത്രീകളെ കണ്ടാല്‍ കുറ്റ്യാടിയിലെ കടക്കാര്‍ക്ക് ഇന്ന് ഒരു ഏകദേശ കണക്കുണ്ട്. 'ഇന്നും വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറയും...' കാരണം, അവര്‍ വെറുതെ കാഴ്ച കാണാന്‍ വന്നവരല്ല. വീട്ടുബജറ്റിലെ കുറച്ച് രൂപയെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിലാണ്. യാത്ര സൗജന്യമായതോടെ ആ ദൗത്യത്തിന് ഇപ്പോള്‍ ആഴ്ചയില്‍ ഒരു സ്ഥിരം തീയതിയുമുണ്ട്.

സിനിമ കാണാനോ ഷോപ്പിങ് മാളില്‍ കറങ്ങാനോ അല്ല അവരുടെ ഈ കുറ്റ്യാടി ട്രിപ്പ്. ലക്ഷ്യം നേരെ വെളിച്ചെണ്ണക്കടയും തേങ്ങക്കച്ചവടക്കാരനുമാണ്. തിരിച്ചുവരുമ്പോള്‍ കൈയില്‍ നിറയെ ചാക്കുകളും മുഖത്ത് അതിലും വലിയ ചിരിയും. വെള്ളമുണ്ടയിലെ എട്ടേനാല്‍, ഏഴേനാല്‍, പത്താംമൈല്‍, നിരവില്‍പുഴ ഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ കുറ്റ്യാടി വെറും കോഴിക്കോട് ജില്ലയിലെ ഒരു ടൗണ്‍ മാത്രമല്ല. 'ലാഭം കിട്ടുന്ന സ്ഥലം' എന്ന പുതിയ വിലാസവുമാണ്.

കാര്യം വളരെ ലളിതം. വയനാട്ടില്‍ വാങ്ങുന്ന വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 15 മുതല്‍ 19 രൂപ വരെ അധികം കൊടുക്കണം. തേങ്ങയ്ക്കും കൊപ്രയ്ക്കും അതേ കഥ. അപ്പോള്‍ ബസില്‍ ടിക്കറ്റും വേണ്ട, കുറ്റ്യാടിയില്‍ വിലയും കുറവ്. പിന്നെ ആരാണ് വീട്ടിലിരിക്കുക?. 'മുമ്പ് ചന്തയില്‍ പോകാലൊക്കെ വീട്ടിലെ പുരുഷന്മാരുടെ ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു,' വെള്ളമുണ്ടുകാരി സൗദ നൗഷാദ് ചിരിച്ചുകൊണ്ട് പറയുന്നു. 'കുറ്റ്യാടിയിലേക്കൊക്കെ പോകാന്‍ അവര്‍ക്കു സമയം കിട്ടണം. ഞങ്ങള്‍ കാത്തിരിക്കണം. ഇപ്പോള്‍ കാത്തിരിപ്പൊന്നുമില്ല. അയല്‍വീട്ടിലെ ചേച്ചിമാരെ വിളിച്ചാല്‍ മതി. എല്ലാവരും കൂടി ബസില്‍ കയറും.'

ആ ബസ് യാത്രയില്‍ രാഷ്ട്രീയം മുതല്‍ അടുക്കള വരെ സംസാരവിഷയമാകും. ആരുടെ വീട്ടില്‍ തേങ്ങ തീര്‍ന്നു, ആരാണ് കഴിഞ്ഞ തവണ ഏത് കടയില്‍നിന്ന് എണ്ണ വാങ്ങിയത്, എവിടെയാണ് രണ്ട് രൂപ കൂടി കുറവ്... കുറ്റ്യാടിയിലെത്തും മുന്‍പേ പകുതി 'മാര്‍ക്കറ്റ് സര്‍വേ' കഴിഞ്ഞിരിക്കും. ഏഴേനാല്‍ സ്വദേശി സവിത പറയുന്നത് കേട്ടാല്‍ ഇത് ഒരു ഷോപ്പിങ് യാത്ര മാത്രമാണെന്ന് തോന്നില്ല. 'ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവരും കൂടി ഒന്ന് പുറത്തിറങ്ങും. യാത്രച്ചെലവില്ല. വീട്ടിലെ സാധനങ്ങളും വാങ്ങാം. അതിനിടയില്‍ കുറച്ചു വിശേഷം പറയാം. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സാധനവും ഉണ്ട്, മനസ്സിനും ഒരു ടൂര്‍ പോയ ഫീലുമുണ്ട്.'

വീട്ടിലെ പുരുഷന്മാര്‍ക്കും പരാതിയില്ല. കാരണം, മുമ്പ് അവധി ദിവസം കുറ്റ്യാടിയിലേക്ക് പോകേണ്ട ജോലി ഇപ്പോള്‍ ആരും ഓര്‍മിപ്പിക്കാറില്ല. മറിച്ച്, 'പോകുമ്പോള്‍ രണ്ട് തേങ്ങ കൂടി വാങ്ങിക്കോ...' എന്ന ലിസ്റ്റ് മാത്രം കൈമാറും. ചിലര്‍ ഇതിനപ്പുറവും ചിന്തിച്ചു തുടങ്ങി. ചാക്കില്‍ ഒതുങ്ങുന്നത്ര തേങ്ങയോ കൊപ്രയോ വെളിച്ചെണ്ണയോ വാങ്ങി വയനാട്ടില്‍ വില്‍ക്കുമ്പോഴും ചെറിയൊരു ലാഭം ബാക്കിയാകുന്നുണ്ടെന്നാണ് പറയുന്നത്. സൗജന്യ ബസ് യാത്ര ചിലര്‍ക്ക് ചെറിയൊരു 'ബിസിനസ് പ്ലാന്‍' വരെ എഴുതിക്കൊടുത്തിരിക്കുന്നു.

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഒരുപക്ഷേ സര്‍ക്കാര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ലപ്രിയദര്‍ശിനി ബസ് സ്ത്രീകളെ ആശുപത്രിയിലേക്കും ഓഫീസിലേക്കും മാത്രമല്ല, നേരെ കുറ്റ്യാടിയിലെ വെളിച്ചെണ്ണക്കടയിലേക്കും കൊണ്ടുപോകുമെന്ന്. ഇപ്പോള്‍ വെള്ളമുണ്ടയില്‍ ചില വീടുകളില്‍ ആഴ്ചതോറും ഒരേ ചോദ്യം മാത്രം.'ഈ ആഴ്ച കുറ്റ്യാടി ട്രിപ്പ് എപ്പഴാ ?'

A Wayanad Story from the Priyadarshini Bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇരുവരും ഒരുമിച്ച് തിയറ്റർ കത്തിക്കാനുള്ള ടെൻഡർ എടുത്തെന്നാ തോന്നുന്നേ!' അനിരുദ്ധിനൊപ്പം വേടൻ; ആവേശത്തിൽ ആരാധകർ

രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അവസരം; ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ ഒഴിവുകൾ

HLL Lifecare: മാനേജർ തസ്തികയിൽ നിയമനം നേടാം, ശമ്പളം 70,000 രൂപ വരെ

ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ